ചാട്ടുളി പോലെ പായാൻ ഒന്‍പതു ചുണ്ടന്മാര്‍. താഴത്തങ്ങാടിയിലെ ജല രാജാവിനെ ഇന്നറിയാം. ചുണ്ടന്‍ വള്ളങ്ങള്‍ താഴത്തങ്ങാടിലേക്ക് എത്തിത്തുടങ്ങി

2.15ന് ചുണ്ടന്‍ വളളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും തുടര്‍ന്നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും നടക്കും

New Update
Untitled

കോട്ടയം: ചാട്ടുളി പോലെ പായാന്‍ ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍, താഴത്തങ്ങാടിയിലെ ജല രാജാവിനെ ഇന്നറിയാം. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗും വിവിധ ഗ്രേഡുകളിലുള്ള ചെറു കളിവള്ളങ്ങള്‍ പങ്കെടുക്കുന്ന 124 ാമത് കോട്ടയം ബോട്ട് റേസും സംയുക്തമായി ഇന്ന് നടക്കും.

Advertisment

2.15ന് ചുണ്ടന്‍ വളളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും തുടര്‍ന്നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും നടക്കും. നാലിനാണു ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍. ഒമ്പത് ചുണ്ടന്‍വള്ളങ്ങളും 15 ചെറുവള്ളങ്ങളുമാണു മത്സരത്തില്‍ പങ്കെടുക്കുക. 


വീയപുരം (വി.ബി.സി, കൈനകരി), നടുഭാഗം (പി.ബി.സി, പുന്നമട), മേല്പാടം (പി.ബി.സി. പള്ളാത്തുരുത്തി),നിരണം (നിരണം ബോട്ട്ക്ലബ്), പായിപ്പാടന്‍ (കെ.ടി.ബി.സി ബോട്ട്ക്ലബ് , കുമരകം), നടുവിലേപ്പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട്ക്ലബ്, കുമരകം),കാരിച്ചാല്‍ (കെ.സി.ബി.സി, കാരിച്ചാല്‍), ചെറുതന (തെക്കേക്കര ബി.സി), ചമ്പക്കുളം (ചങ്ങനാശേരി ബോട്ട്ക്ലബ്) എന്നീ ചുണ്ടനുകളാകണു മത്സരത്തില്‍ പങ്കെടുക്കുക.

ആറിന്റെ ഇരു കരകളിലും നിന്നു വള്ളംകളി സുഗമമായി കാണാനുള്ള ക്രമീകരണങ്ങള്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.


മത്സരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കാനുള സ്റ്റില്‍സ്റ്റാര്‍ട്ട് സംവിധാനം, മൂന്നു ട്രാക്കുകള്‍, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവ സി.ബി.എല്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വെസ്റ്റ് ക്ലബിന്റെ സഹകരണത്തിലും ക്രമീകരിച്ചിട്ടുണ്ട്.


 ഇന്നു ഉച്ചയ്ക്കു രണ്ടിനു കലക്ടര്‍ ചേതന്‍കുമാര്‍ മീണ പതാക ഉയര്‍ത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനു കലക്ടര്‍ സമ്മാനദാനം നിര്‍വഹിക്കും.

ഉച്ചയ്ക്ക് രണ്ടു മുതല്‍ കോട്ടയം ടൗണില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം

- കോട്ടയം ടൗണില്‍നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനില്‍ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജങ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.

കുമരകം ഭാഗത്തു നിന്നും കോട്ടയം ടൗണിലേക്കു വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജങ്ഷന്‍ വഴി പോകേണ്ടതാണ്.

- കുമരകം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജങ്ഷനില്‍ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്റ ജങ്ഷന്‍ വഴി പോകേണ്ടതാണ്.

-ചങ്ങനാശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജങ്ഷനില്‍ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജങ്ഷന്‍ വഴി പോകേണ്ടതാണ്.

-കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.

Advertisment