Advertisment

അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവം: എല്ലാ മാസവും 10ന് തീയതിക്ക് മുമ്പ് മക്കള്‍ 10000 മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ഉത്തരവ്

വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
CBI arrests government staffer over Rs 10 lakh bribe, finds cash in his car

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്. 

Advertisment

മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കള്‍ മൂന്നു പേരും തുല്യമായി നല്‍കി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുടര്‍ന്ന് അവരുടെ സൈ്വര്യ ജീവിതത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. 


സബ് കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് മാതാപിതാക്കള്‍ക്ക് കൈമാറി. ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകള്‍ വീടിന്റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു. മന്ത്രി ആര്‍ ബിന്ദുവിന്റെ അടക്കം ഇടപെടലോടെയാണ് വീടിന്റെ താക്കോല്‍ മകള്‍ തിരിച്ച് നല്‍കിയത്. 


കഴിഞ്ഞ ദിവസം വൈകിട്ടാണ് വര്‍ക്കല അയിരൂരില്‍ സദാശിവന്‍ (79 ), ഭാര്യ സുഷമ്മ (73) എന്നിവരെ മകള്‍ സിജി വീടിന് പുറത്താക്കി വാതില്‍ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകള്‍ തയ്യാറായിരുന്നില്ല. 


പിന്നാലെ അര്‍ബുദ രോഗിയായ സദാശിവന്റേയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനല്‍ വഴി മകള്‍ പുറത്തേക്കിടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാന്‍ സമീപത്ത് താമസിക്കുന്ന മകന്‍ സാജനും തയ്യാറായില്ല. 


തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇവര്‍ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറി. വൃദ്ധരായ മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ മകള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 


പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും, സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും, വഞ്ചന കുറ്റത്തിനുമാണ് അയിരൂര്‍ പൊലീസ് മകള്‍ സിജിക്കും, ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തില്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ആര്‍ഡിഒയ്ക്കും നിര്‍ദ്ദേശം നല്‍കി. 


കേസെടുത്തതിന് പിന്നാലെയാണ് വൃദ്ധ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍  തിരികെ ലഭിച്ചത്. മകള്‍ സിജി സഹോദരന്‍ സാജനെ ഏല്പിച്ച താക്കോല്‍ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. 


ഇവര്‍ വീട്ടിലെത്തുന്നതിന് മുന്‍പ് തന്നെ മകളും കുടുംബവും വീട്ടില്‍ നിന്ന് മാറിയിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നേരത്തെയും അച്ചനെയും അമ്മയെയും സിജി വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു.

Advertisment