ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന സർക്കാർ. 2007ൽ ഇടതു സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് നിയമസഭയിൽ വ്യക്തമാക്കി ദേവസ്വം മന്ത്രി വി.എൻ വാസവൻ. പ്രതികരിക്കാതെ എൻ.എസ്.എസ്

New Update
vasavan sabarimala

തിരുവനന്തപുരം: ശബരിമല യുവതികളെ പ്രവേശിപ്പിക്കാമെന്ന നിലപാടിലുറച്ച് സംസ്ഥാനത്തെ ഇടത് സർക്കാർ.

Advertisment

2007 നവംബർ 13ന് ഇടതു സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.  


2016 നവംബർ 7ന് സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെയാണ് ഇക്കാര്യം സ്റ്റാൻഡിങ് കൗൺസൽ കോടതിയെ അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 


യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ നിലവിൽ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്.

sabarimala.1.406246

ഹർജികൾ നിലനിൽക്കുമോ എന്ന വിഷയം മാത്രമേ കോടതി പരിഗണിച്ചിട്ടുള്ളു. തുടർനടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നിലപാട് പരിശോധിക്കേണ്ടതായി വന്നിട്ടില്ലെന്നാണ് മന്ത്രി സഭയെ അറിയിച്ചത്. 


വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 2007 നവംബർ 13നാണ് ശബരിമലയിൽ യുവതികൾക്കു വിവേചനം പാടില്ലെന്ന തരത്തിൽ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.


തുടർന്ന് 2016 ഫെബ്രുവരി അഞ്ചിനു യു.ഡി.എഫ് സർക്കാർ നിലപാട് മാറ്റി സത്യവാങ്മൂലം നൽകിയിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ ആണ് ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായി സർക്കാരിനു വേണ്ടി സത്യവാങ്മൂലം നൽകിയിരുന്നത്.

യുവതീപ്രവേശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ രണ്ടു നിലപാട് സ്വീകരിക്കുന്നതിലെ വൈരുധ്യം വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016 ല്‍ നല്‍കിയ സത്യവാങ്‌മൂലം നിലനില്‍ക്കുന്നു; ശബരിമല  സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ്

2016 നവംബർ ഏഴിന് നിലപാട് സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയപ്പോഴാണ് തങ്ങൾ 2007 നവംബർ 13ന് യുവതീപ്രവേശത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നതായി സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചത്.  


യുവതീപ്രവേശത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുന്നതിൽ ഏറെ നിർണായകമായത് ഇടതു സർക്കാരിന്റെ ഈ നിലപാട് മൂലമായിരുന്നു.


നിലവിൽ ആഗോള അയ്യപ്പസംഗമം അടക്കം നടത്തി സാമുദായിക സംഘടനകളുടെ പിന്തുണ സർക്കാർ ഉറപ്പാക്കിയിരുന്നു. അന്ന് നാമജപ പ്രതിഷേധം സംഘടിപ്പിച്ച് എൻ.എസ്.എസ് അടക്കം നിലവിലെ മന്ത്രിയുടെ സഭയിലെ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടില്ല.

സർക്കാരിന് കോടതിയെ അനുസരിച്ച് യുവതീപ്രവേശനം നടത്താമായിരുന്നുവെന്നും അങ്ങനെ ചെയ്തില്ലെന്നും അതുകൊണ്ട് തന്നെ ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കുമെന്നതായിരുന്നു എൻ.എസ്.എസ് നിലപാട്.

ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശനം തടഞ്ഞുകൊണ്ടുള്ള നിയമനിർമ്മാണം നടത്തുമെന്ന ബി.ജെ.പിയുടെ അവകാശവാദവും പാലിക്കപ്പെട്ടില്ല.

Advertisment