/sathyam/media/media_files/2025/08/21/vazhoor-soman1-2025-08-21-18-27-03.jpg)
തിരുവനന്തപുരം: ആദ്യവട്ടമാണ് എം.എൽ.എയാവുന്നതെങ്കിലും പരിണത പ്രജ്ഞനെപ്പോലെ എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്ത നേതാവാണ് പീരുമേട് എം.എൽ.എ വാഴൂർ സോമൻ.
മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെട്ടു. പാർട്ടി ഭരിക്കുന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ യോഗങ്ങളിൽ നിർത്തിപ്പൊരിക്കുന്ന സോമൻ ഇടുക്കിക്കാർക്ക് പതിവ് കാഴ്ചയാണ്.
റവന്യൂ വകുപ്പിലും, അസൈമെന്റ് ഓഫീസിലും കാര്യങ്ങൾ ഒട്ടും സ്മാർട്ടല്ലെന്നും തഹസിൽദാർമാർ ചാർജ് എടുത്ത് ജോലി തുടങ്ങുമ്പോഴേക്കും ഇവരെ സ്ഥലം മാറ്റുന്നെന്നും ഇത് കാരണം പട്ടയനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീർപ്പാക്കാനാകുന്നില്ലെന്നും സോമൻ തുറന്നടിച്ചിരുന്നു.
സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഒരു വിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു. വച്ച് താമസിപ്പിക്കുന്നെന്നും കൈകൂലിക്കാരായ ഉദ്യോഗസ്ഥരെ വിജിലൻസിനെ കൊണ്ട് പിടിപ്പിക്കുമെന്നും സോമൻ തുറന്നടിച്ചിരുന്നു.
ഉദ്യോഗസ്ഥർ പാവപ്പെട്ട അപേക്ഷകരെ വലയ്ക്കുകയാണെന്നും, പെട്ടന്ന് കൊടുക്കേണ്ട സർട്ടിഫിക്കറ്റുകൾ പോലും വച്ച് താമസിപ്പിക്കുന്നു എന്നും പറഞ്ഞ് എം.എൽ.എ പൊതുവേദിയിൽ പൊട്ടിത്തെറിച്ചത് വൻ വാർത്തയായിരുന്നു.
പീരുമേട് താലൂക്ക് സഭ പാസ്സാക്കിയ 746 പട്ടയ അപേക്ഷകൾ സാങ്കേതികത്വം പറഞ്ഞ് ജില്ലാ ഭരണകൂടം , വച്ച് താമസിപ്പിക്കുന്നതിലായിരുന്നു സോമന്റെ രോഷം. വർഷങ്ങൾ ആയിട്ടും പട്ടയ നടപടികൾ പൂർത്തിയാക്കി പട്ടയം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
തോട്ടം ഭൂമികൾ മുറിച്ച് വിൽക്കുന്ന സ്ഥലങ്ങൾക്ക് പോക്ക് വരവ് ചെയ്ത് കരം ഒടുക്കി കൊടുക്കുന്നതിന് ഉദ്യോഗസ്ഥർ ഒരു താമസവും കാണിണിക്കാതെ കൃത്യമായി ചെയ്തു കൊടുക്കും. 5 സെന്റും,10 സെന്റും ഭൂമിക്ക് പട്ടയത്തിന് അപേക്ഷിച്ചവർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഇതുവരെയും പാവപ്പെട്ടവർക്ക് പട്ടയം കൊടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രതികരിക്കും എന്നും സോമൻ മുന്നറിയിപ്പ് നൽകിയിരുന്നു.
എം.എൽ എ വില്ലേജ് ആഫീസറെ ഫോൺ ചെയ്തിട്ട് കോൾ എടുത്തില്ലന്നും ഇടനിലക്കാരന്റെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ അപ്പോൾ തന്നെ ഫോൺ എടുത്തു എന്നുമുള്ള സോമന്റെ വാക്കുകൾ ഹർഷാരവങ്ങളോടെയാണ് ജനങ്ങൾ സ്വാഗതം ചെയ്തത്.
ഇടുക്കിയിലെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാനും അദ്ദേഹം മുന്നിൽ നിന്നു. ഉപദ്രവകാരിയായ അരിക്കൊമ്പനെ തേക്കടിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു.
പെരിയാർ കടുവാ സങ്കതത്തോട് ചേർന്നു കിടക്കുന്ന തേക്കടി ടൂറിസം മേഖലയിൽ സ്ഥിരമായി ടൂറിസം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇവിടേക്കുള്ള അരിക്കൊമ്പന്റെ വരവ് തേക്കടിയുടെ പ്രവർത്തനങ്ങളെ ബാധിക്കും.
ഏറെനേരം നീന്താൻ കഴിവുള്ള അരിക്കൊമ്പൻ മുല്ലപ്പെരിയാർ നീന്തികടന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ ടൂറിസത്തെ ബാധിക്കും. ഇപ്പോൾ തന്നെ പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പ്രദേശങ്ങളിൽ വന്യമൃഗ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ കൂടി തേക്കടിയിലേക്ക് മാറ്റിയാൽ ഉണ്ടാകുന്ന വിപത്ത് വലുതാണ്. സോമന്റെ എതിർപ്പിനെത്തുടർന്നാണ് അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയത്.
പീരുമേട് എം.എൽ. എ വാഴൂർ സോമൻ്റെ വിയോഗം തീർത്തും അപ്രതീക്ഷിതമാണെന്നും തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവിനെയാണ് നഷ്ടമായതെന്നും സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരിച്ചു.
മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെടുന്ന അദ്ദേഹം ഏതൊരു ജനപ്രതിനിധിയ്ക്കും മാതൃകയാണ്.
റവന്യുവകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു- സ്പീക്കർ പറഞ്ഞു.