/sathyam/media/media_files/2025/10/09/ktu-2025-10-09-17-02-50.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ അത്യപൂർവമായൊരു ഇന്റർവ്യൂ നടക്കുകയാണിപ്പോൾ. 4 ദിവസം നീളുന്ന ഈ ഇന്റർവ്യൂവിന്റെ ലക്ഷ്യം ഡിജിറ്റൽ, ടെക്നിക്കൽ യൂണിവേഴ്സിറ്റികളുടെ വൈസ്ചാൻസലർമാരെ കണ്ടെത്തുക എന്നതാണ്.
കേരളത്തിലെ ഏറ്റവും മികച്ച അക്കാഡമിക്, സാങ്കേതിക വിദഗ്ധരും പ്രൊഫസർമാരുമൊക്കെയാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. നിലവിലെ വൈസ്ചാൻസലറായ സിസാ തോമസും അഭിമുഖത്തിന് എത്തിയിട്ടുണ്ട്.
സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്. സാങ്കേതിക സർവകലാശാലയിലേക്ക് 39 പേരും ഡിജിറ്റൽ സർവകലാശാലയിലേക്ക് 30 പേരുമാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്.
സാങ്കേതിക സർവകലാശാല വിസി അഭിമുഖമാണ് ഇന്നലെ തുടങ്ങിയത്. ഇന്നും തുടരും. ഡിജിറ്റൽ സർവകലാശാലയിലെ നിയമനത്തിനുള്ള അഭിമുഖം വെള്ളി, ശനി ദിവസങ്ങളിലാണ്.
വി.സി നിയമന അഭിമുഖത്തെച്ചൊല്ലി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടരയ്ക്ക് ഹാജരാവണമെന്നാണ് അദ്ധ്യാപകരോടെല്ലാം നിർദ്ദേശിച്ചിരുന്നത്. എന്നാൽ അഭിമുഖം തുടങ്ങിയത് ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു.
സർവകലാശാലകളിലെയും എൻജിനീയറിംഗ് കോളേജുകളിലെയും മുതിർന്ന അദ്ധ്യാപകർ ചായ പോലും കഴിക്കാതെ മസ്കറ്റ് ഹോട്ടലിൽ കാത്തുനിന്നു. ഉച്ചയൂണ് പോലും കഴിക്കാൻ ഇവർക്ക് അവസരമുണ്ടായിരുന്നില്ല. 17 പേരാണ് ഇന്നലെ രാവിലെ എട്ടരയ്ക്ക് എത്തിയത്.
ഉച്ചയ്ക്ക് മൂന്നിന് സെലക്ഷൻ കമ്മിറ്റി ചെയർമാനും അംഗങ്ങളും ഭക്ഷണം കഴിക്കാൻ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് അഭിമുഖത്തിന് എത്തിയവർ ഊണ് കഴിക്കാതെയും വെള്ളം കുടിക്കാതെയും കാത്തിരിക്കുന്നതായി അറിഞ്ഞത്.
അതോടെ ചെയർമാൻ ഇവരെക്കൂടി ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും ആരും പോയില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അഭിമുഖത്തിന് സൗകര്യങ്ങളൊരുക്കുന്നത്. വകുപ്പിന്റെ പാളിച്ചയാണ് അഭിമുഖത്തിനെത്തിയവരെ വലച്ചത്.
അതിനിടെ, സെർച്ച് കമ്മിറ്റി ചെയർമാനൊപ്പം ഡൽഹിയിൽ നിന്ന് സംസ്ഥാന സർവീസിലെ ഒരു ഉന്നതൻ യാത്ര ചെയ്തത് അട്ടിമറി ലക്ഷ്യമിട്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കമ്മിറ്റിയെ സ്വാധീനിക്കാനും സർക്കാരിന് അനഭിമതരായ ചില അപേക്ഷകരെ ബോധ്യപ്പെടുത്താനുമാണ് ഉന്നത ഉദ്യോഗസ്ഥന്റെ യാത്രയെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്.
ചെയർമാനായ റിട്ട. ജസ്റ്റിസിന് ഡൽഹിയിൽ നിന്നുള്ള എക്സിക്യൂട്ടീവ് വിമാന ടിക്കറ്റ് സംസ്ഥാന സർക്കാരാണ് കാലേകൂട്ടി ബുക്ക് ചെയ്തിരുന്നത്.
അതേ വിമാനത്തിൽ തന്നെ സർക്കാരിലെ ഉന്നതനും ടിക്കറ്റ് റിസർവ് ചെയ്തത് ബോധപൂർവ്വമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്.ശശികുമാർ ആരോപിച്ചത്.
സെർച്ച് കമ്മിറ്റി അഭിമുഖത്തിനുശേഷം മൂന്നുപേരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. നിയമനത്തിനുള്ള മുൻഗണന നിശ്ചയിച്ച് പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറണം. മുൻഗണനാക്രമം പാലിച്ച് ഗവർണർ വി.സി നിയമനം നടത്തണം.
പട്ടികയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അക്കാര്യം മുഖ്യമന്ത്രിക്കും ഗവർണർക്കും രേഖപ്പെടുത്താം. അത്തരം ഘട്ടത്തിൽ കേസ് പരിഗണിച്ച സുപ്രീംകോടതി ബഞ്ച് സെർച്ച് കമ്മിറ്റിയുടെ ഫയൽ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി.ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച്കമ്മിറ്റി നിയമപരമല്ലെന്നും ഇത്തരം നിയമനങ്ങൾ ഭാവിയിൽ ചോദ്യംചെയ്യപ്പെടാനിടയുണ്ടെന്നും ഗവർണർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമന സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഗവർണറുടെ ഹർജി പരിഗണിക്കാമെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്.