/sathyam/media/media_files/2025/03/02/yskiwkqCWC6uGvaBgNCK.jpg)
കൊല്ലം: പി.എം ശ്രീ പദ്ധതിയിൽ കരാർ ഒപ്പുവച്ചതിനെതിരെ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആരുടെയും അറിവില്ലാതെ പ്രധാനമന്ത്രിയേയും അമിത് ഷായെയും കണ്ട ശേഷം സർക്കാർ രഹസ്യമായി കരാർ ഒപ്പുവച്ചതാണെന്ന് സതീശൻ ആരോപിച്ചു.
ഇതിന് പിന്നിൽ എന്ത് തരത്തിലുള്ള ബ്ലാക്ക്മെയിലാണെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
16-ാം തീയതിയാണ് പി.എം ശ്രീയിൽ ഒപ്പുവച്ചത്, എന്നാൽ 22-ാം തീയതിയിലെ മന്ത്രിസഭാ യോഗത്തിലും ഇത് ചർച്ചയായില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
പാർട്ടിയിലേയും മുന്നണിയിലേയും നേതാക്കൾ, സെക്രട്ടറിയേറ്റ്, പോലിറ്റ്ബ്യൂറോ, എം.എ. ബേബി ഉൾപ്പെടെ ആരും ഈ തീരുമാനത്തെക്കുറിച്ച് അറിയാതെയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്‍റെ അകത്ത്,” എന്നായിരുന്നു സതീശന്റെ വാക്കുകൾ.
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ വാക്കുപ്രകാരം കഴിഞ്ഞ വർഷം മാർച്ചിലാണ് കേരളം പി.എം ശ്രീയിൽ ചേരാൻ സന്നദ്ധത അറിയിച്ചതെന്നും,
എന്നാൽ ഫെബ്രുവരി 8-ന് കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ സമരം നടത്തിയ ശേഷം മാർച്ചിൽ കരാർ ഒപ്പുവച്ചത് ജനങ്ങളെ കബളിപ്പിക്കൽ ആയിരുന്നുവെന്നും സതീശൻ പറഞ്ഞു. ബി.ജെ.പി.യും സി.പി.എം.നും തമ്മിൽ പരസ്പരം സഹായിക്കുന്ന രഹസ്യ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us