/sathyam/media/media_files/2025/11/05/thummaru-2025-11-05-19-27-18.png)
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃപാടവത്തെയും കാഴ്ചപാടുകളെയും പ്രശംസിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായിരുന്ന ഡോ. മുരളി തുമ്മാരുകുടി.
വി.ഡി സതീശനെ താൻ ഫോളോ ചെയ്യുമ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. വിട്ടുവീഴ്ചകളുടെ രാഷ്ട്രീയത്തെക്കാൾ നിലപാടുകളുടെ രാഷ്ട്രീയമാണ് അദ്ദേഹം പിന്തുടരുന്നത്. അടുത്ത കാലത്ത് നിലമ്പൂർ തെരഞ്ഞെടുപ്പിലും യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ രാജിയുടെ കാര്യത്തിലും ഒക്കെ അദ്ദേഹം അത് വ്യക്തമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.
പക്ഷേ, കോൺഗ്രസ് എന്ന സംവിധാനം പൊതുവെ നിലപാടുകളുടെ രീതിയല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയാണ് കൈക്കൊള്ളുന്നതെന്നും തുമ്മാരുകുടി പറഞ്ഞു. അതിനകത്ത് പ്രവർത്തിക്കേണ്ടി വരുന്നതിന്റെ വെല്ലുവിളികൾ സതീശന് തീർച്ചയായും ഉണ്ട്.
പക്ഷേ, ആ സംവിധാനത്തിനകത്തും രാഷ്ട്രീയ പൈതൃകമോ തലതൊട്ടപ്പന്മാരോ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രതിഭകൊണ്ടും കഠിനാധ്വാനം കൊണ്ടും, നിയമസഭാ സാമാജികനായി നിയമസഭക്കകത്തും ജനപ്രതിനിധിയായി മണ്ഡലത്തിലും നടത്തിയ ഉജ്ജ്വല പ്രകടനം കൊണ്ടും ജനങ്ങളുടെ അംഗീകാരം നേടിയതും ഇവിടം വരെ എത്തിയതും നിസ്സാരകാര്യമല്ലെന്ന് തുമ്മാരുകുടി ചൂണ്ടി കാട്ടുന്നു.
ഇതേ കഴിവുകളും രീതികളും അദ്ദേഹത്തെ മുന്നോട്ട് നയിക്കട്ടെ എന്നും മുരളി ഫേസ്ബുക്കിൽ കുറിച്ചു. അടുത്തിടെ പുറത്തുവന്ന വിഡി സതീശൻ്റെ വൈറൽ അഭിമുഖം കണ്ട ശേഷമാണ് മുരളി പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചു രംഗത്ത് വന്നത്.
/filters:format(webp)/sathyam/media/media_files/2025/11/05/images-80-2025-11-05-19-30-03.jpg)
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം..
വി.ഡി സതീശനെ കേൾക്കുമ്പോൾ..
ഇത്തവണ നാട്ടിൽ വിമാനം ഇറങ്ങിയപ്പോൾ ആദ്യം വാട്ട്സാപ്പിൽ വന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഒരു ഇന്റർവ്യൂ ആണ്.
ശ്രീ വി ഡി സതീശൻ ഞാൻ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന, ശ്രദ്ധിക്കുന്ന, പ്രതീക്ഷയുള്ള നേതാവാണെന്ന് മുൻപും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നെടുമ്പാശേരിയിൽ നിന്നും പെരുമ്പാവൂരിലേക്കുള്ള യാത്രയിൽ തന്നെ ഇന്റർവ്യൂ കേട്ടു തുടങ്ങി.
പക്ഷെ വീട്ടിൽ എത്തിയിട്ടും ഇന്റർവ്യൂ തീർന്നില്ല, അപ്പോഴാണ് മനസ്സിലായത് ഇന്റർവ്യൂ രണ്ടു മണിക്കൂറിൽ കൂടുതൽ ഉണ്ടെന്നത്.
അത് തന്നെ ഒരു അതിശയമായി. സാധാരണ ഇത്തരം സീനിയർ നേതാക്കൾ ഒന്നും രണ്ടു മണിക്കൂർ നേരം ഒരു അഭിമുഖത്തിനായി ഇരുന്നു കൊടുക്കാറില്ല.
രണ്ടു മണിക്കൂറിന്റെ ഒരു പ്രശ്നം അത് ഒറ്റയടിക്ക് നമുക്ക് കേട്ട് തീർക്കാൻ ഇപ്പോൾ സാധിക്കില്ല എന്നതാണ്. പല തിരക്കുകൾ നമുക്കും ഉണ്ടല്ലോ.
ഇന്നലെ രാത്രിയാണ് പൂർണ്ണമായും കേട്ട് തീർന്നത്.
തന്റെ ബാല്യം മുതൽ ഭാവിയിലേക്കുള്ള പദ്ധതികൾ വരെ ഉള്ള കാര്യങ്ങൾ ആണ് അദ്ദേഹം സംസാരിക്കുന്നത്.
കേട്ടിരിക്കേണ്ടതാണ്.
എന്നെ ഏറ്റവും ആകർഷിച്ച കാര്യങ്ങൾ പറയാം ..
ഒന്നാമത് ഒരു ഗോഡ് ഫാദർ വഴി മുകളിലേക്ക് ഉയർത്തപ്പെട്ട ഒരാളല്ല അദ്ദേഹം. കോളേജ് യൂണിയനിലും യൂണിവേഴ്സിറ്റി യൂണിയനിലും നേതൃത്വ സ്ഥാനം വഹിച്ചെങ്കിലും സംഘടനാ രംഗത്ത് ഉയർന്ന സ്ഥാനങ്ങളിൽ അദ്ദേഹം എത്താതിരുന്നത് അതുകൊണ്ടാകണം. സീനിയർ എം എൽ എ ആയിട്ടും അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് അതുകൊണ്ടാണെന്ന് നമുക്കറിയാം.
രണ്ടാമത് രാഷ്ട്രീയം മാത്രം അറിയാവുന്ന ഒരാളല്ല. നിയമ പഠനം കഴിഞ്ഞു പത്തുവർഷം വക്കീലായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തതിന് ശേഷമാണ് അദ്ദേഹം എം എൽ എ ആകുന്നത്. എം എൽ എ ആകുന്ന സമയത്ത് അദ്ദേഹത്തിന്റെ വരുമാനം പതിലൊന്നായി എന്നദ്ദേഹം പറയുന്നുണ്ട്. നമ്മുടെ എം എം എൽ എ മാർക്കും മന്ത്രിമാർക്കും നാം നൽകുന്ന ശമ്പളം അവരുടെ കഴിവിനും ശ്രമത്തിനും സമൂഹത്തിലെ താരതമ്യമായ കഴിവും ഉത്തരവാദിത്തവും ഉള്ളവർക്ക് ലഭിക്കുന്നതിലും ഏറെ കുറവാണെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ടല്ലോ. ഇത് മാറണം.
മൂന്നാമത്, വിജയം മാത്രം ശീലിച്ച ഒരാളല്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടായി പറവൂരിൽ സ്ഥിരം ജയിക്കുന്ന എം എൽ എ ആണ്, പക്ഷെ അദ്ദേഹത്തിന്റെ ആദ്യത്തെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഇതേ പറവൂരിൽ നിന്നും തന്നെ തോറ്റ ആളാണ്. പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു വന്ന ആളാണ്.
സ്വന്തം കഴിവുകളെപ്പറ്റി കൃത്യമായ ആത്മവിശ്വാസം ഉള്ള ആളാണ്. പണ്ടേ കേരളത്തിലെ മന്ത്രി ആകേണ്ടിയിരുന്ന ആളാണ്, ഭാവിയിൽ മുഖ്യമന്ത്രി ആകേണ്ട ആളാണ് എന്നൊക്കെ അദ്ദേഹത്തിന് തന്നെ കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിന്റെ സമഗ്രമായ ഭാവിയെപ്പറ്റി അദ്ദേഹം ഏറെ ചിന്തിച്ചിട്ടുണ്ട്.
രണ്ടു മണിക്കൂർ ദൈർഖ്യമുള്ള അഭിമുഖത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നോ നിങ്ങൾ അംഗീകരിക്കണമെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷെ കേരളത്തിന്റെ ഭാവി നേതൃത്വത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ ഇടയുള്ള ഒരാളെ അറിയാൻ, അദ്ദേഹത്തിന്റെ ചിന്തകളെ അറിയാൻ ഈ അഭിമുഖം ഏറെ ഉപകാരപ്പെടും.
കണ്ടിരിക്കേണ്ടതാണ്.
എന്റെ വായനക്കാർ എല്ലാവരുടെയും ശ്രദ്ധയിൽ ഈ ഇന്റർവ്യൂ വന്നിട്ടുണ്ടാകണം, എന്നാലും ലിങ്ക് ഒന്നാമത്തെ കമന്റിൽ കൊടുക്കുന്നു.
ഒരു കാര്യം കൂടി പറയണം.
വി ഡി സതീശനെ ഞാൻ ഫോളോ ചെയ്യുമ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. വിട്ടുവീഴ്ചകളുടെ രാഷ്ട്രീയത്തെക്കാൾ നിലപാടുകളുടെ രാഷ്ട്രീയമാണ് അദ്ദേഹം പിന്തുടരുന്നത്. അടുത്ത കാലത്ത് നിലമ്പൂർ തിരഞ്ഞെടുപ്പിലും യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിന്റെ രാജിയുടെ കാര്യത്തിലും ഒക്കെ അദ്ദേഹം അത് വ്യക്തമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷെ കോൺഗ്രസ്സ് എന്ന സംവിധാനം പൊതുവെ നിലപാടുകളുടെ രീതിയല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയാണ് കൈക്കൊള്ളുന്നത്. അതിനകത്ത് പ്രവർത്തിക്കേണ്ടി വരുന്നതിന്റെ വെല്ലുവിളികൾ സതീശന് തീർച്ചയായും ഉണ്ട്. പക്ഷെ ആ സംവിധാനത്തിനകത്തും രാഷ്ട്രീയ പൈതൃകമോ തലതൊട്ടപ്പന്മാരോ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രതിഭകൊണ്ടും കഠിനാധ്വാനം കൊണ്ടും, നിയമ സഭാ സാമാജികനായി നിയമസഭക്കകത്തും ജനപ്രതിനിധിയായി മണ്ഡലത്തിലും നടത്തിയ ഉജ്ജ്വല പ്രകടനം കൊണ്ടും ജനങ്ങളുടെ അംഗീകാരം നേടിയതും ഇവിടം വരെ എത്തിയതും നിസ്സാരകാര്യമല്ല. ഇതേ കഴിവുകളും രീതികളും അദ്ദേഹത്തെ മുന്നോട്ട് നയിക്കട്ടെ.
ശ്രീ സതീശന് എല്ലാ ആശംസകളും.
മുരളി തുമ്മാരുകുടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us