/sathyam/media/media_files/2025/06/23/vd-satheesan-the-leader-2-2025-06-23-16-09-40.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സിപിഎം അക്രമിസംഘങ്ങള്‍ അഴിഞ്ഞാടുന്ന സാഹചര്യമാണുള്ളതെന്നും, പല ഇടങ്ങളിലും പൊലീസ് നോക്കി നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരു സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി നഷ്ടമായ സംഭവത്തില്‍ പോലും ‘പടക്കം പൊട്ടിത്തെറിച്ചു’ എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എതിരാളികളെ കൊല്ലാന്‍ ബോംബ് നിര്‍മിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനില്‍ക്കുകയാണെന്നും, ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഈ അവസ്ഥയില്‍ ആ സ്ഥാനത്ത് തുടരാന്‍ അയോഗ്യനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആയുധങ്ങള്‍ താഴെവയ്ക്കുകയും ക്രിമിനലുകളെ പൊലീസ് നിയന്ത്രണത്തില്‍ കൊണ്ടുവരികയും വേണമെന്നും, ബോംബ് നിര്‍മിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വടിവാളുകളുമായി പരസ്യമായി ആക്രമണങ്ങളും വെല്ലുവിളികളും നടക്കുകയാണെന്നും, മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുന്നതടക്കമുള്ള ഹീന നടപടികളിലേക്കാണ് സിപിഎം നീങ്ങുന്നത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രിമിനലുകള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട ദ്വാരപാലക ശില്‍പം വിഷയത്തില്‍, കേസ് കോടതിയില്‍ നിലനില്‍ക്കെ വെല്ലുവിളികള്‍ ഉന്നയിക്കുന്നതിന്റെ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ട് കോടി രൂപയുടെ മാനനഷ്ടമെന്ന അവകാശവാദം പത്ത് ലക്ഷമായി കുറഞ്ഞതെങ്ങനെ എന്നതടക്കം കോടതി നിരീക്ഷണങ്ങള്‍ വ്യക്തമാണെന്നും, ഒറിജിനല്‍ ദ്വാരപാലക ശില്‍പം വിറ്റതാര്‍ക്കാണെന്ന ചോദ്യത്തിന് അന്നത്തെ ദേവസ്വം മന്ത്രി മറുപടി നല്‍കണം. ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പാരഡി ഗാനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ ആദ്യമായല്ല പാരഡി ഗാനങ്ങള്‍ പാടുന്നതെന്നും, മുന്‍പ് അയ്യപ്പഭക്തിഗാനം ഉപയോഗിച്ച് കെ. കരുണാകരനെ പരിഹസിച്ചുള്ള പാരഡി സിപിഎം തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന സംഭവമാണ് വിശ്വാസികളെ വേദനിപ്പിച്ചതെന്നും, സ്വര്‍ണം കവര്‍ന്നവരെ സിപിഎം സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ്, നിലവില്‍ ഒരു പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായ അടിത്തറയോടെയാണ് യുഡിഎഫ് മുന്നോട്ടുപോകുകയെന്നും പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണ് യുഡിഎഫെന്നും, തെരഞ്ഞെടുപ്പില്‍ വോട്ടുഷെയര്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന അവരുടെ വിലയിരുത്തല്‍ അങ്ങനെ തന്നെ തുടരട്ടെയെന്നും, തോറ്റെന്ന് അവരെ വിശ്വാസിപ്പിക്കാനാണ് ബുദ്ധിമുട്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ബിജെപിയുടെ തിരുവനന്തപുരത്തെ നേട്ടം സിപിഎമ്മില്‍ നിന്നുള്ള സീറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ ഫലമാണെന്നും, സംസ്ഥാനത്ത് ബിജെപിയുടെ മൊത്തത്തിലുള്ള പ്രകടനം ദുർബലമായതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം–ബിജെപി ധാരണകള്‍ പല ഇടങ്ങളിലും ഉണ്ടായിരുന്നുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us