ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് വി.ഡി സതീശൻ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ പുറത്തുകൊണ്ടുവരാൻ നീക്കം നടത്തിയെന്നും വിമർശനം. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കയുള്ളതിനാൽ എസ്.ഐ.ടിയുടെ അന്വേഷണം സജീവമാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സതീശൻ

New Update
vd satheesan-2

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

Advertisment

പ്രതികളെ ജയിലിൽ നിന്ന് പുറത്തിറക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ്, 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതിലൂടെ പ്രതികളെ പുറത്തുകൊണ്ടുവരാൻ വഴിതുറന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. 


അയ്യപ്പന്റെ സ്വർണ്ണം കട്ടിട്ട് ജാമ്യത്തിന് വരുന്നുണ്ടോ എന്ന് സുപ്രീംകോടതി പോലും ചോദിച്ച കേസിലാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ദ്വാരപാലക ശിൽപം മറിച്ചുവിറ്റ കേസിലെ തൊണ്ടിമുതൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ പുറത്തിറങ്ങുന്നത് ബാക്കിയുള്ള തെളിവുകൾ കൂടി നശിപ്പിക്കപ്പെടാൻ ഇടയാക്കുമെന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. 

അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോയിരുന്നെങ്കിൽ നിലവിൽ ജയിലിലുള്ള സി.പി.എം നേതാക്കളേക്കാൾ വലിയ ഉന്നതർ കുടുങ്ങുമായിരുന്നുവെന്നും, അവരെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം കുറ്റപത്രം നൽകാതെ ഒത്തുകളിച്ചതെന്നും സതീശൻ ആരോപിച്ചു. 

ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment