പ്രകോപനപരമായ ചോദ്യങ്ങളുന്നയിച്ച സിപിഎം മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുമാറ്റി പരസ്യമായി ശാസിച്ച് പ്രതിപക്ഷ നേതാവ്. സതീശൻെറ ഇടപെടലില്‍ രക്ഷപ്പെട്ടത് കൈരളി ലേഖകൻ. പൊളിഞ്ഞത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിക്കാന്‍ അസുഖകരമായ ചോദ്യങ്ങള്‍ പതിവാക്കിയ ഇടത് ഫ്രാക്ഷന്‍ മീഡിയ തന്ത്രം ? പ്രതിപക്ഷ നേതാവിന്‍റെ 'കടക്ക് പുറത്ത്' പക്ഷേ മാധ്യമങ്ങളോടായിരുന്നില്ല ...

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
v d pandalam

പത്തനംതിട്ട: തനിക്ക് നേരെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുമാറ്റി ശാസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിനെതിരെ പ്രകോപനപരമായ ചോദ്യം ഉന്നയിക്കുന്നത് സ്ഥിരം ശൈലിയാക്കി മാറ്റിയിരിക്കുന്ന സി.പി.എം  ചാനലായ കൈരളി പീപ്പിളിൻെറ പ്രതിനിധിയെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയ പ്രവർത്തകരെയാണ് സതീശൻ പിടിച്ചു തള്ളി മാറ്റുകയും പരസ്യമായി ശാസിക്കുകയും ചെയ്തത്.

Advertisment

'' ഞാൻ നിൽക്കുമ്പോഴാണോ തോന്ന്യാസം കാണിക്കുന്നത്" - എന്ന് ക്ഷോഭിച്ചുകൊണ്ടായിരുന്നു വി.ഡി.സതീശൻെറ മാതൃകാപരമായ ഇടപെടൽ. അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകരോടും അഹിതകരമായ വാർത്തകൾ നൽകുന്നവരോടും കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് കൊടുക്കുന്ന ഭരണാധികാരികളും നേതാക്കളും ഉളള കാലത്താണ് സതീശൻെറ ഈ മഹനീയമായ പ്രവർത്ത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. 

രക്ഷിച്ചത് കൈരളി റിപ്പോര്‍ട്ടറെ 

മാധ്യമ പ്രവർത്തകരെ ആക്രമിക്കാനും സൈബറിടത്തിൽ സംഘടിത ആക്രമണം നടത്താനും ആഹ്വാനം ചെയ്യുന്നതാണ് ഇക്കാലത്തെ കാഴ്ച. അതിൽ നിന്ന് ഭിന്നമായ നിലപാട് എടുക്കാനും തന്നെ പ്രകോപിപ്പിക്കുക ലക്ഷ്യമിട്ട് പിറകെ കൂടിയിരിക്കുന്ന എതിർ രാഷ്ട്രീയ പ്രസ്ഥാനത്തിൻെറ മാധ്യമ പ്രതിനിധി ആണെന്ന് അറിഞ്ഞിട്ടും സഹിഷ്ണുതയോടെ ഇടപെട്ടതാണ് സതീശനെ വ്യത്യസ്തനാക്കുന്നത്.

മറ്റുളളവർ സ്നേഹം, കരുണ, ജനാധിപത്യ ബോധം എന്നിവയൊക്കെ പ്രസംഗത്തിൽ ഒതുക്കുമ്പോൾ അങ്ങനെയല്ലാത്തവരും പൊതു പ്രവർത്തന രംഗത്ത് ഉണ്ടെന്ന് വിളിച്ചു പറയുന്നതാണ് സതീശൻെറ ഈ പ്രവർത്തി. തുമ്പമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ നടന്ന പൊലിസ് ലാത്തിചാർ‍ജിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാണാനായി പന്തളത്തെത്തിയപ്പോഴായിരുന്നു സംഭവം.

തോന്ന്യാസം വേണ്ടെന്ന് താക്കീത് 

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതികരണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൈരളി പീപ്പിളിൻെറ പത്തനംതിട്ട റിപോർട്ടർ സുജു ടി  ബാബുവിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. പ്രവർത്തകർ  കൈരളി റിപോർട്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കണ്ടയുടൻ തന്നെ പ്രതിപക്ഷ നേതാവ് ഇടപെടുകയായിരുന്നു. 

മാധ്യമ പ്രവർത്തകന് നേരെ തളളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ സതീശൻ തന്നെ പിടിച്ച് മാറ്റി. മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ശ്രമിച്ച പ്രവർത്തകരോട് ക്ഷുഭിതരാകുകയും ചെയ്തു.'' നമ്മള് നിൽക്കുമ്പോഴാണോ തോന്ന്യാസം കാണിക്കുന്നത്, അസംബന്ധം കാണിക്കരുത്. ഞാൻ നിൽക്കുമ്പോഴാണോ തോന്ന്യാസം കാണിക്കുന്നത്'' സതീശൻ കോപം കൊണ്ട് ജ്വലിച്ചു.

വീഡിയോ കടപ്പാട് റിപ്പോർട്ടർ ടിവി

ഇതോടെ മാധ്യമ പ്രവർത്തകന് നേരെയുളള പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോയി. തക്ക സമയത്ത് പ്രതിപക്ഷ നേതാവ് ഇടപെട്ടില്ലായിരുന്നു എങ്കിൽ അവിടെ മറ്റൊന്നായിരുക്കും സംഭവിക്കുകയെന്ന് ഉറപ്പാണ്. 

പൊലിസ് ലാത്തിചാർജിനെ തുടർന്ന് പ്രകോപിതരായി നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വെച്ചാണ് കൈരളി റിപോർട്ടർ മോശം ടോണിലുളള ചോദ്യം ചോദിച്ചത്. ഇതോടെയാണ് പ്രവർത്തകർ നിയന്ത്രണം വിട്ട് പാഞ്ഞടുത്തത്. എന്നാൽ തന്മയത്വത്തോടെ ഇടപെട്ട പ്രതിപക്ഷ നേതാവ് രംഗം ശാന്തമാക്കി.   

പൊളിഞ്ഞത് ഇടത് കേന്ദ്രങ്ങളുടെ കുരുട്ട് ബുദ്ധി !
  മുഖ്യമന്ത്രിയുടെയും ഇടത് സർക്കാരിൻെറയും മാധ്യമങ്ങളോടുളള സമീപനത്തെ നിരന്തരം വിമർ‍ശിക്കാൻ തുടങ്ങിയതിൽ പിന്നെ പ്രതിപക്ഷ നേതാവിൻെറ പത്രസമ്മേളനങ്ങളിലും പുറത്തെ പ്രതികരണങ്ങളിലും പ്രകോപനം സൃഷ്ടിക്കാൻ ഇടത് കേന്ദ്രങ്ങള്‍ പ്രത്യേക സംഘത്തെ അയക്കുന്നത് പതിവായിട്ടുണ്ട്. 

സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ റിപോർട്ടറും സി.പി.എം നിയന്ത്രണത്തിലുളള ചാനലായ കൈരളിയുടെ റിപോർട്ടറും ചേർന്ന സംഘമാണ് എപ്പോഴും ഈ ദൗത്യം ഏറ്റെടുക്കുന്നത്. പ്രതിപക്ഷ നേതാവിനെ എങ്ങനെയും പ്രകോപിപ്പിച്ച് ക്ഷുഭിതമായ മറുപടികൾ പറയിച്ച്, അദ്ദേഹവും മാധ്യമങ്ങളോട് അസഹിഷ്ണുതയോടെയാണ് പെരുമാറുന്നതെന്ന് വരുത്തി തീർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

പ്രതിപക്ഷ നേതാവിൻെറ ഔദ്യോഗിക വസതിയിലെ പത്രസമ്മേളനങ്ങളിലും കോൺഗ്രസ് ജാഥയ്ക്കിടെ വയനാട്ടിൽ നടത്തിയ പത്ര സമ്മേളനങ്ങളിലും എല്ലാം ഇത്തരം ശ്രമങ്ങളുണ്ടായി. സി.പി.എമ്മിൻെറ ഈ നീക്കം തിരിച്ചറിഞ്ഞ് സംയമത്തോടെയാണ്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിക്കുന്നത്.

എന്നാൽ സതീശൻ പുലർത്തുന്ന സഹിഷ്ണുത പ്രവർത്തകർക്ക് ഉണ്ടാകണമെന്നില്ല. അവ‍ർ പ്രകോപിതരായി തന്നെ മാധ്യമങ്ങൾക്ക് നേരെ തിരിയും. ഇതാണ് പന്തളത്തും സംഭവിച്ചത്. എന്നാൽ സതീശൻെറ സമയോചിതമായ ഇടപെടലോടെ പ്രശ്നങ്ങൾ ഒഴിവായി.

Advertisment