/sathyam/media/media_files/2025/03/05/Ku55rLiUulZv1jAcMsb3.jpg)
തിരുവനന്തപുരം: ഉജ്വലമായ സംസ്ഥാന സമ്മേളനത്തിന്റെ പ്രൗഡിയുമായി ഇന്ന് നിയമസഭയിലെത്തിയ സി.പി.എം നേതാക്കളെയും മന്ത്രിമാരെയും വെള്ളം കുടിപ്പിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രകടനം.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ച ശേഷം വാക്കൗട്ട് പ്രസംഗം നടത്തവേയാണ് സതീശൻ ഭരണപക്ഷത്തെ ഒന്നാകെ നിശബ്ദരാക്കിയത്. സാധാരണ ഗതിയിൽ സതീശൻ പ്രസംഗിക്കുമ്പോൾ ഭരണപക്ഷം പ്രസംഗം തടസപ്പെടുത്താൻ ബഹളമുണ്ടാക്കുക പതിവാണെങ്കിൽ ഇന്ന് ഒരക്ഷരം പോലും മിണ്ടാൻ ഭരണപക്ഷത്തിനായില്ല.
ക്ഷേമനിധി പെൻഷൻ, ആനുകൂല്യങ്ങൾ വർഷങ്ങളായി കുടിശികയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സതീശൻ പ്രസംഗിച്ചത് വിവിധ മന്ത്രിമാർ നിയമസഭയിൽ രേഖാമൂലം നൽകിയ ഉത്തരങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ഇതു കാരണം ഭരണപക്ഷത്തിന് സതീശനെ എതിർക്കാനോ പറയുന്നത് വസ്തുതയല്ലെന്നോ പറയാനായില്ല.
ക്ഷേമനിധി പെൻഷൻ 14മാസം വരെ കുടിശികയുണ്ടെന്നും തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന ഈ സർക്കാരിന്റെ മുൻഗണന എന്താണെന്നും സതീശൻ ഭരണപക്ഷത്തേക്ക് വിരൽ ചൂണ്ടി ചോദിച്ചപ്പോൾ മന്ത്രിമാരടക്കം നിശബ്ദരായിപ്പോയി.
31 ക്ഷേമനിധി ബോർഡുകളിൽ പതിനഞ്ചോളം ബോർഡുകൾ ഗുരുതര പ്രതിസന്ധിലാണ്. വിവിധ ബോർഡുകൾ പെൻഷൻ കുടിശികയായി നൽകാനുള്ളത് 2200 കോടി രൂപയാണ്. 35 ലക്ഷം തൊഴിലാളികൾക്ക് അംശാദായ തുക മടക്കി നൽകാനാകുന്നില്ല;
തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും കിട്ടാത്ത അവസ്ഥയാണ്. പാവപ്പെട്ടവർ മരുന്നിനും ഭക്ഷണത്തിനും ചികിത്സയ്ക്കുമായി പെൻഷൻ തുക കാത്തിരുന്ന് വലഞ്ഞെന്ന് സതീശൻ കണക്കുകൾ സഹിതം തിരിച്ചടിച്ചപ്പോൾ ഭരണപക്ഷത്തിന്റെ വായടഞ്ഞു.
വിവിധ മേഖലകളിലുള്ള തൊഴിലാളികൾ അവരുടെ ജീവിത സായാഹ്നത്തിൽ ഭക്ഷണത്തിനും മരുന്നിനും ആരുടെയും മുന്നിൽ കൈ നീട്ടാതിരിക്കാനാണ് രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ കേരളം നിരവധി ക്ഷേമനിധി ബോർഡുകൾ രൂപീകരിച്ചത്.
തൊഴിവകുപ്പിന് കീഴിൽ പതിനാറും തൊഴിൽ വകുപ്പിന് പുറത്ത് 15 ക്ഷേമനിധി ബോർഡുകളുമുണ്ട്. ഒരു കോടിയിൽ അധികം തൊഴിലാളികളാണ് വിവിധ ക്ഷേമനിധി ബോർഡുകളിലുള്ളത്. ഏഴോളം ബോർഡുകൾ പൂട്ടുന്നതിന് സമാനമായ സ്ഥിതിയിലാണ്.
35 മുതൽ 45 ലക്ഷം വരെ തൊഴിലാളികളെ ബാധിക്കുന്ന തരത്തിൽ ക്ഷേമനിധി ബോർഡുകൾ പൂട്ടുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 1392 കോടി രൂപ കുടിശികയാണ്.
14 മാസത്തെ പെൻഷനാണ് കുടിശികയായത്. പെൻഷനും വിവാഹ ആനുകൂല്യങ്ങളും മരണാനന്തരാനുകൂല്യങ്ങളും ചികിത്സാ ധനസഹായവും ഉൾപ്പെടെ നിരവധി സഹായങ്ങൾ കൊടുത്തിട്ട് 14 മാസത്തിലേറെയായി.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ കുടിശിക 493 കോടി രൂപയാണ്. മൂന്നു ലക്ഷത്തിൽ അധികം അപേക്ഷകളാണ് കർഷക തൊഴിലാളി ബോർഡിൽ കെട്ടിക്കിടക്കുന്നത്. 60 വയസ് പൂർത്തിയായവർക്ക് ആറു വർഷമായി അവർ അടച്ച അംശാദായ തുക പോലും നൽകിയിട്ടില്ല.
32 കോടിയുള്ള കർഷക തൊഴിലാളി ബോർഡിന്റെ ബാധ്യത 500 കോടി രൂപയാണ്. ഈറ്റ, കാട്ടുവള്ളി തൊഴിലാളികൾക്കും കുടിശകയുണ്ട്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രസവ സഹായവും പെൻഷനും കുടിശികയാണ്. മൂന്നു മാസമായി പെൻഷൻ നൽകുന്നില്ല.
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 28 കോടി രൂപ ബാധ്യതയാണ്. ആയിരക്കണക്കിന് ഗുണഭോക്താക്കൾക്ക് പണം നൽകാനുണ്ട്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡും അപകടത്തിലേക്ക് നീങ്ങുകയാണ്. കൈത്തറി തൊഴിലാളികൾക്ക് മൂന്നു മാസത്തെ കുടിശികയുണ്ട്.
2023 വരെ വിരമിച്ച അംഗൻവാടി ജീവനക്കാർക്ക് നാലു മാസത്തെ പെൻഷൻ കുടിശികയാണ്. 2024 ൽ വിരമിച്ചവർക്ക് പത്ത് മാസത്തെ പെൻഷനാണ് കുടിശികയായത്. ഇത് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ തന്ന മറുപടിയാണ്. അംഗൻവാടി ജീവനക്കാർക്ക് നയാപൈസ കൊടുത്തിട്ടില്ല. ഖാദി ക്ഷേമനിധി തൊഴിലാളികൾക്ക് നൽകാനുള്ളത് 14.61 കോടി രൂപയാണ് കുടിശിക നൽകാനുള്ളത്.
ചുമട്ടു തൊഴിലാളികൾക്ക് ഇത്തവണത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടു പോലുമില്ല. ഒറ്റ പെൻഷൻ ആക്കിയതിനാൽ സാമൂഹിക സുരക്ഷാ പെൻഷൻ ഈ തൊഴിലാളികൾക്ക് കിട്ടില്ല. നിലവിൽ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബീഡി തൊഴിലാളികൾക്കും പെൻഷനില്ല.
തൊഴിലാളി വർഗ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരാണെന്നാണ് അവകാശപ്പെടുന്നത്. എന്നിട്ടും നിങ്ങളുടെ മുൻഗണന എന്താണ്. 35 ലക്ഷം തൊഴിലാളികൾക്ക് അവർ അംശാദായം നൽകിയ തുക പോലും മടക്കി നൽകാനാകുന്നില്ല.
ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തന ചെലവും കോടികളാണ്. 9 കൊല്ലമായി നിങ്ങളുടെ സർക്കാർ ഭരിച്ചിട്ടും ക്ഷേമനിധി ബോർഡുകളെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല. സമാന സ്വഭാവമുള്ള നാലോ അഞ്ചോ ബോർഡുകളെ ഒന്നിപ്പിച്ച് ചെലവ് കുറച്ചുകൂടെ?
ടോട്ടൽ കോർപസിന്റെ 5 ശതമാനത്തിൽ കൂടുതൽ ചെലവ് ബോർഡുകളുടെ നടത്തിപ്പിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ബില്ലിൽ പറയുന്നത്. എന്നാൽ പിൻവാതിൽ നിയമനങ്ങൾ നടത്തി ചെലവ് കൂട്ടുകയാണ്.
ഒരു അപകട മരണം ഉണ്ടായാൽ പോലും സഹായിക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ടും ക്ഷേമനിധി ബോർഡുകളെ രക്ഷപ്പെടുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കുന്നില്ല. നാൽപ്പത് ലക്ഷത്തോളം തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകളിൽ നിന്നും ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല- സതീശൻ ചൂണ്ടിക്കാട്ടി.