നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആഗ്രഹിച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച വി.ഡി.സതീശന് യു.ഡി.എഫിന്റെ ഒറ്റക്കെട്ടായുളള പിന്തുണ. പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിട്ടുകൊടുക്കില്ലെന്ന് മുസ്‌ളീം ലീഗ്. കോണ്‍ഗ്രസില്‍ നിന്നും കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുളളവരും സതീശന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത്

കോണ്‍ഗ്രസില്‍ നിന്നും കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുളളവര്‍ സതീശന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടുവന്നതും അസാധാരണ കാഴ്ചയായി

New Update
vellappally natesan vd satheesan

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആഗ്രഹിച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് യു.ഡി.എഫിന്റെ ഒറ്റക്കെട്ടായുളള പിന്തുണ.

Advertisment

പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിട്ടുകൊടുക്കില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫെന്നും അറിയിച്ച് കൊണ്ട് മുസ്‌ളീം ലീഗാണ് പ്രതിപക്ഷ നേതാവിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്.


vd satheesan the leader-2

 

2026ല്‍ ഭരണം പിടിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവിനേക്കാള്‍ ഇരട്ടി ആത്മ വിശ്വാസം ലീഗിനുണ്ടെന്ന് പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളാണ് വെളളാപ്പളളിയുടെ വെല്ലുവിളി ഏറ്റെടുത്ത വി.ഡി.സതീശന് പിന്തുണ വാഗ്ദാനം ചെയ്തത്.

കോണ്‍ഗ്രസില്‍ നിന്നും കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുളളവര്‍ സതീശന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടുവന്നതും അസാധാരണ കാഴ്ചയായി. സാമുദായിക നേതാക്കന്മാരുടെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുന്ന കോണ്‍ഗ്രസിന്റെ പതിവ് ശീലം സതീശന്‍ മാറ്റിയെഴുതുമ്പോള്‍ അതിന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പിന്തുണ വരുന്നു എന്നത് രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചിട്ടുണ്ട്.

വെല്ലുവിളി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം മുന്നണിയുടെ ശക്തി ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ വെളളാപ്പളളി നടേശനെ നിശിതമായി വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനാണ് കോണ്‍ഗ്രസില്‍ നിന്ന് സതീശന് പിന്തുണ പ്രഖ്യാപിച്ചത്.


വര്‍ഗീയ വിഷം വമിപ്പിച്ച് വെളളാപ്പളളി നടേശന്‍ കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയാണെന്നും വീണ്ടും സംസ്ഥാനത്തെ ഭ്രാന്താലയമാക്കി മാറ്റാനാണ് ശ്രമമെന്നും സുധീരന്‍ വിമര്‍ശിച്ചു.''ശ്രീനാരായണഗുരു അരുത് എന്നു പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.


vellappally nadesan

നരേന്ദ്ര മോദി - പിണറായി ദ്വയങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. വെള്ളാപ്പള്ളി നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനമാണ്. സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണം.' വി.എം സുധീരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബിജെപിയും സി.പി.എമ്മും എഴുതി നല്‍കിയ തിരക്കഥ വായിക്കുകയാണ് വെള്ളാപ്പള്ളിയെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ആരോപിച്ചു. താനിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം വെള്ളാപ്പള്ളിക്ക് അറിയില്ല. സിപിഎമ്മിനേയും ബിജെപിയേയും പ്രീണിപ്പിക്കാതെ വെള്ളാപ്പള്ളിക്ക് മുന്നോട്ട് പോകാനാകില്ല. ഒരുപാട് സാമ്പത്തിക ക്രമക്കേടുകള്‍ വെള്ളാപ്പള്ളി ചെയ്തിട്ടുണ്ട്.

എസ്.എന്‍.ഡി.പി യോഗത്തിന്റെ ഓഫീസ് അടക്കം ജപ്തി ഭീഷണി നേരിടുന്നുണ്ടെന്ന് മുല്ലപ്പളളി ആരോപിച്ചു. കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്‍ കെ.മുരളീധരനും പ്രതിപക്ഷ നേതാവിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തി. നേതാക്കള്‍ക്കെതിരായ വിമര്‍ശനങ്ങളെ എതിര്‍ക്കുന്നില്ലെങ്കിലും അതിനായി പ്രയോഗിക്കുന്ന വാക്കുകളില്‍ വെള്ളാപ്പള്ളി നടേശന്‍ അന്തസ്സ് കാണിച്ചില്ലെന്ന് കെ.മുരളീധരന്‍ തുറന്നടിച്ചു.


വി.എസ്.അച്യുതാനന്ദന്‍ വിമര്‍ശിച്ചപ്പോള്‍ വെള്ളാപ്പള്ളി ഒരക്ഷരം മിണ്ടിയിരുന്നില്ല. വി.ഡി സതീശന്‍ തിരിച്ചു പറയില്ല എന്ന് കരുതി എന്തും പറയാമെന്നത് ശരിയല്ല. നൂറ് സീറ്റ് നേടി  യു.ഡി.എഫ് അധികാരത്തിലെത്തും.  വി.ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ രാജിവയ്ക്കണോ എന്ന് സംഘടന തീരുമാനിച്ചോട്ടെയെന്നും കെ.മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


k muralidharan

രാഷ്ട്രീയ ക്വട്ടേഷന്‍ എടുത്തത് പോലെ വെളളാപ്പളളി അകാരണമായി നടത്തുന്ന വിമര്‍ശനങ്ങള്‍ ഈഴവ സമുദായാംഗങ്ങളെ പോലും സ്വാധീനിക്കാന്‍ ഇടയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഹീനമായ ഭാഷയിലുളള വെളളാപ്പളളിയുടെ അധിക്ഷേപങ്ങളില്‍ സമുദായത്തിന് അകത്ത് തന്നെ എതിര്‍പ്പ് രൂപപ്പെടുന്നുണ്ടെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നുണ്ട്.

പ്രകോപനത്തിന് കാരണമൊന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും വെളളാപ്പളളി യു.ഡി.എഫിനെതിരെ നടത്തുന്ന കരുതിക്കൂട്ടിയുളള ആക്രമണം സി.പി.എമ്മിന് വേണ്ടിയാണെന്ന ആരോപണം പ്രതിക്ഷ നേതാവ് വി.ഡി. സതീശനും ആവര്‍ത്തിക്കുന്നുണ്ട്.''ഏത് തരത്തിലുള്ള വര്‍ഗീയ പ്രചാരണത്തെയും യു.ഡി.എഫ് ശക്തമായി എതിര്‍ക്കും.


ഇപ്പോഴത്തെ വിമര്‍ശനത്തിന് പിന്നില്‍ സി.പി.എമ്മും മുഖ്യമന്ത്രിയുമാണ്. മുസ്ലീം ലീഗിന് എതിരെ നിന്ന എല്ലാ വര്‍ഗീയ ശക്തികളെയും ഒപ്പം ചേര്‍ത്തവരാണ് സിപിഎം. യു.ഡി.എഫ് വര്‍ഗീയ വിദ്വേഷത്തോട് വീട്ടുവീഴ്ച ചെയ്യില്ല. രാജ്യത്തുടനീളം ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. നിരവധി വൈദികര്‍ ജയിലിലാണ്.


vd satheesan the leader

ഒരു കുറ്റവും ചെയ്യാത്ത കന്യസ്ത്രീമാരാണ് ജയിലില്‍ കിടക്കുന്നത്. എല്ലാത്തരം വര്‍ഗീയതയേയും യു.ഡി.എഫ് എതിര്‍ക്കും' വി.ഡി.സതീശന്‍ പറഞ്ഞു. വിദ്വേഷ പരാമര്‍ശം തുടര്‍ന്നാല്‍ വെളളാപ്പളളിയെ പൊതുമധ്യത്തില്‍ കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂരാണ് ഈ  പ്രതികരണം നടത്തിയത്. വര്‍ഗീയതക്ക് എതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ നേതാവിന് കൂടുതല്‍ പിന്തുണ പാര്‍ട്ടിയില്‍ നിന്ന് വേണമെന്നും ഹാരിസ് മുദൂര് ഫേസ്ബുക്കില്‍ കുറിച്ചു.

 

Advertisment