/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
തിരുവനന്തപുരം: കെ.പി.സി.സിയിലേക്ക് പുതിയ നേതൃത്വത്തിൻെറ കടന്നുവരവോടെ സംസ്ഥാന കോൺഗ്രസിൽ രൂപപ്പെടുന്ന ശാക്തിക ചേരികൾക്കിടയിൽ നിന്ന് വി.ഡി.സതീശന് പിന്തുണയേറുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കോൺഗ്രസിൻെറ നയവും നിലപാടും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നതാണ് വി.ഡി.സതീശന് പാർട്ടിക്കുളളിൽ സ്വീകാര്യത വർദ്ധിക്കാൻ കാരണം.
പാർട്ടിയുടെയും മുന്നണിയുടെയും അത്മാഭിമാനം നിലനിർത്തുന്നതിൽ വിട്ടുവീഴ്ചചെയ്യാത്ത സതീശൻെറ നിലപാടിനെ പ്രകീർത്തിച്ച് മുൻനിര നേതാക്കൾ പോലും അദ്ദേഹത്തിന് ഒപ്പം ചേരുകയാണ്.
കെ.പി.സി.സി മുൻ അധ്യക്ഷനും കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളുമായ കെ.മുരളീധരൻ വി.ഡി.സതീശനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതാണ് ഇതിൻെറ ഏറ്റവും നല്ല ഉദാഹരണം.
കെ.കരുണാകരൻെറ ശാപം ഏൽക്കാത്ത നേതാവാണ് വി.ഡി.സതീശനെന്നും ഭാവിയിലെ സ്ഥാനക്കയറ്റത്തിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് കെ.മുരളീധരൻ, വി.ഡി. സതീശനെ പ്രശംസിച്ചത്.
ഒരുകാലത്ത് വി.ഡി സതീശനെയും തന്നെയും നിയമസഭയുടെ പിൻബഞ്ചിൽ ഇരുത്താൻ ശ്രമിച്ചവർ ഇപ്പോൾ പിന്നിലായിപ്പോയെന്നും മുരളീധരൻ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന എം.എ.ജോൺ അനുസ്മരണ പരിപാടിയിൽ പറഞ്ഞു.
ഇത് രമേശ് ചെന്നിത്തലക്കുളള കുത്താണെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ശക്തമായ പ്രവർത്തനങ്ങളുമായിട്ടാണ് സതീശൻ മുന്നോട്ടു പോകുന്നത്.
യുവതലമുറയെ ആകർഷിക്കുന്ന പ്രവർത്തനമാണ് സതീശൻേറത്. പാർട്ടിയുടെ നയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സതീശൻ തയാറായിട്ടില്ല. അതിൽ വെളളം ചേർക്കാൻ അദ്ദേഹം തയാറായിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റണമെന്ന ഉപാധിവെച്ച് യു.ഡി.എഫിനോട് വിലപേശിയ പി.വി.അൻവറിനെ പുറത്ത് നിർത്തിയതും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻെറ വെല്ലുവിളി ഏറ്റെടുത്തതും എല്ലാം കോൺഗ്രസിലും യു.ഡി.എഫിലും പൊതുസമൂഹത്തിലും വി.ഡി.സതീശൻെറ രാഷ്ട്രീയവും വ്യക്തിപരവുമായ സ്വീകാര്യത വൻതോതിൽ കൂട്ടിയിട്ടുണ്ട്.
സമുദായ സംഘടനകൾക്ക് മറുപടി പറയാനോ അവരുടെ വെല്ലുവിളി ഏറ്റെടുക്കാനോ കോൺഗ്രസിൽ ആരും തയാറായിട്ടില്ല. എന്നാൽ സതീശൻ അതിനുളള ധൈര്യം കാട്ടി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആഗ്രഹിച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് സതീശൻ വെളളാപ്പളളിക്ക് നൽകിയ മറുപടി. നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരോടും സതീശൻ നിലപാട് പറഞ്ഞിരുന്നു.
കോൺഗ്രസിൽ മുൻപ് ഒരാളും സ്വീകരിക്കാത്ത ശൈലി സ്വീകരിച്ചുകൊണ്ട് പാർട്ടിയിലും പൊതു രാഷ്ട്രീയത്തിലും സതീശൻ പുതിയൊരു പാത വെട്ടിത്തുറക്കുകയാണ്.
ഈ ശൈലിക്ക് പുതിയ തലമുറയിൽ നിന്നും പഴയ തലമുറയിൽ നിന്നും ഒരുപോലെ സ്വീകാര്യത ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലപാടിൻെറ കാര്യത്തിൽ രാഷ്ട്രീയ എതിരാളികളിൽ നിന്ന് പോലും സതീശന് പിന്തുണ ലഭിക്കുന്നതായി കാണാം.
കെ.കരുണാകരൻെറ മകനും മുതിർന്ന നേതാവും എന്ന നിലയിൽ കോൺഗ്രസിൻെറ താഴെ തട്ടിൽ വരെ നല്ല സ്വീകാര്യതയുളള നേതാവാണ് കെ.മുരളീധരൻ. മുരളീധരൻ പിന്തുണ പ്രഖ്യാപിച്ചത് സതീശന് വലിയ തോതിൽ ഗുണം ചെയ്യും.
മരിച്ച് മണ്ണടിഞ്ഞെങ്കിലും സാധാരണ പ്രവർത്തകരെ കോൺഗ്രസുമായി ബന്ധിപ്പിക്കുന്ന അദൃശ്യ കണ്ണിയാണ് കെ.കരുണാകരൻ. അദ്ദേഹത്തിൻെറ പിന്തുടർച്ചാവകാശി എന്ന നിലയിൽ മുരളീധരനും നാടെങ്ങും അനുയായികളുണ്ട്.
മുരളീധരനെ പിന്തുണക്കുന്നവർക്ക് കൂടി സ്വീകാര്യതയുളള നേതാവായി സതീശൻ മാറുന്നുവെന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കി തരുന്നത്. മുരളീധരനോടുളള വ്യക്തിപരമായ ബന്ധം വ്യക്തമാക്കി കൊണ്ടാണ് വി.ഡി.സതീശനും പ്രതികരിക്കുന്നത്.
കെ.മുരളീധരൻ താൻ ജ്യേഷ്ഠതുല്യനായി കാണുന്ന നേതാവാണ്. വാക്കുമാറ്റി പറയുന്നയാൾ അല്ലാത്തത് കൊണ്ട് പറഞ്ഞത് നൂറുശതമാനം ശരിയാണെന്നും സതീശൻ തൃശൂരിലെ വേദിയിൽ പറഞ്ഞു.
കെ.കരുണാകരനോട് സൂക്ഷിക്കുന്ന ആദരവും സതീശൻ എടുത്തുപറയുന്നുണ്ട്. മുരളീധരനെ പോലെയുളള മുതിർന്ന നേതാക്കളുമായുളള ബന്ധത്തെ വിലമതിക്കുന്നുവെന്നതാണ് സതീശൻ തൻെറ പ്രതികരണങ്ങളിലൂടെ വ്യക്തമാക്കുന്നത്.
മുരളീധരനെ പോലെ കോൺഗ്രസിലെ മറ്റ് സീനിയർ നേതാക്കളും വി.ഡി സതീശനെ പിന്തുണച്ച് മുന്നോട്ട് വരുന്നുണ്ട്. അചഞ്ചലമായ നിലപാടുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിലെ ബുദ്ധിസാമർത്ഥ്യവുമാണ് വി.ഡി. സതീശന് കോൺഗ്രസിൽ പിന്തുണയേറാൻ കാരണം.