/sathyam/media/media_files/2025/06/23/vd-satheesan-the-leader-2025-06-23-14-39-39.jpg)
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തിൽ ബഹളമുണ്ടാക്കുന്നവര്‍ അവരുടെ കാര്യത്തില്‍ എന്താണ് ചെയ്തതെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംരക്ഷണം നല്‍കിയെന്നു പറഞ്ഞ് എന്റെ വീട്ടിലേക്കാണ് അവര്‍ മാര്‍ച്ച് നടത്തുന്നത്. ശരിക്കും അവര്‍ ക്ലിഫ് ഹൗസിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്. ഏറ്റവും കൂടുതല്‍ ആരോപണവിധേയരെ സംരക്ഷിച്ചിട്ടുള്ളത് മുഖ്യമന്ത്രിയാണ്.
ഞാന്‍ ആരെയും സംരക്ഷിച്ചിട്ടില്ല. വീട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി എടുക്കുമെന്നാണ് പറഞ്ഞത്. കോഴിയെയും കൊണ്ട് പ്രകടനം നടത്തിയത് വലിയ തമാശയാണ്. സി.പി.എം നേതാക്കളില്‍ കോഴിഫാം നടത്തുന്നവരുണ്ട്.
അങ്ങോട്ടാണ് ശരിക്കും പ്രകടനം നടത്തേണ്ടത്. അവിടെ ഒരു കോഴിയല്ല, കോഴിഫാം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്‌സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുകയാണ്. അങ്ങനെയുള്ളവരാണ് ഇവിടെ സമരം ചെയ്ത് ഞങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വരുന്നത്. ആരോപണവിധേയരായ എത്രയോ പേരുണ്ട്. അവരുടെയൊന്നും പേരുകള്‍ പറയുന്നില്ല.
സി.പി.എമ്മും ബി.ജെ.പിയും എന്തു ചെയ്തുവെന്ന് നോക്കിയല്ല കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നത്. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ തീരുമാനമുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം എടുക്കും.
ചില മാധ്യമങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഞങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലാത്ത അവസ്ഥയാണ്. കുറച്ച് പണി ഞങ്ങള്‍ക്ക് കൂടി തരണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെയും മാധ്യമങ്ങള്‍ തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ച പോലും നടത്തിയിട്ടില്ല. പ്രാപ്തിയുള്ള ഒന്നിലധികം ആളുകളുണ്ട്. അതില്‍ ഓരാളെയെ തെരഞ്ഞെടുക്കാനാകൂവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.