ഗര്‍ഭിണിയെ മര്‍ദ്ദിച്ച പൊലീസുകരനെതിരെ പരാതി ലഭിച്ചിട്ടും ഒരു നടപടിയും എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒളിച്ചുവച്ചു; ഒന്നും അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത് ? പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്

ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭത്തെ കുറിച്ച് പോലും അറിയാനുള്ള സംവിധാനം കേരള പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇല്ലേ എന്ന് വി.ഡി സതീശൻ ചോദിച്ചു.

New Update
vd satheesan press meet-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഗര്‍ഭിണിയായ സ്ത്രീയോടും അവരുടെ കുടുംബത്തോടും പൊലീസ് നടത്തിയ ക്രൂരമായ അതിക്രമം പിണറായി വിജയന്‍ പൊലീസിന്റെ തനിനിറം ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുകൂടി തുറന്നുകാട്ടുന്നതാണ്. 

Advertisment

പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുറ്റവാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 

നിസാരമായ കാര്യത്തിന് ഭര്‍ത്താവിനെ പൊലീസ് പിടിച്ചു കൊണ്ടുപോയി സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് അറിഞ്ഞാണ് ഭാര്യ കുഞ്ഞുങ്ങളുമായി സ്‌റ്റേഷനിലെത്തിയത്. അവരുടെ മുന്നില്‍ വച്ചും മര്‍ദ്ദിക്കുന്നത് കണ്ടാണ് അവര്‍ ബഹളമുണ്ടാക്കിയത്. അപ്പോള്‍ അവരെയും ക്രൂരമായി മര്‍ദ്ദിച്ചു. 


കുഞ്ഞുങ്ങളുമായി എത്തിയ ഗര്‍ഭിണിയെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ് എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 2024-ല്‍ ഇതുസംബന്ധിച്ച പരാതി ആഭ്യന്തര വകുപ്പിന്റെ ചുമതലുള്ള മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടും ഒരു നടപടിയും എടുക്കാതെ ഒളിച്ചുവച്ചു. എന്നിട്ടാണ് അന്വേഷണം നടത്തിയെന്നു പറയുന്നത്. 


ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭത്തെ കുറിച്ച് പോലും അറിയാനുള്ള സംവിധാനം കേരള പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇല്ലേ എന്ന് വി.ഡി സതീശൻ ചോദിച്ചു. സംഭവം അറിഞ്ഞിട്ടും മറച്ചുവച്ചതാണോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സംഭവം ഗുരുതരമായ പ്രശ്‌നമാണ് എന്ന് പറഞ്ഞു. 

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാനും ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും തയാറാകണം.


കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 


ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കോടതിയില്‍ പോയില്ലായിരുന്നെങ്കില്‍ ഈ ക്രൂരമര്‍ദ്ദനം ആരും അറിയില്ലായിരുന്നു. സ്‌റ്റേഷനുകളില്‍ നടക്കുന്നതിന്റെ നൂറിലൊന്ന് വിവരങ്ങള്‍ പോലും പുറത്തു വരുന്നില്ല. 

പൊലീസ് ജനങ്ങളെ ശത്രുക്കളെ പോലെ കാണുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്യുന്ന കാലമായി പിണറായിയുടെ പൊലീസ് കാലഘട്ടം മാറിയെന്നും വി.ഡി സതീശൻ പരിഹസിച്ചു.

ക്രിമിനലുകളില്‍ നിന്നും കൈക്കൂലി വാങ്ങി ഡി.ഐ.ജി റാങ്കിലുള്ള ആള്‍ ടി.പി കേസിലെ പ്രതികളെ പോലും പരോളില്‍ വിടുന്നു. പണം നല്‍കിയാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊടുംക്രിമിനലുകള്‍ക്ക് ജയിലില്‍ നിന്നും വീട്ടില്‍ പോയി ഇരിക്കാം. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസായിരുന്ന കേരള പൊലീസിനെ പിണറായി വിജയന്റെ കാലത്ത് അധപതിപ്പിച്ചു. 


തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് എതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ മുറഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 


ക്രിമിനലുകളായ പൊലീസുകാരെ സംരക്ഷിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. 2024-ല്‍ നടന്ന സംഭവം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ മുഖ്യമന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നതെന്നാണ് ചോദ്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment