തിരുവനന്തപുരം: പിവി അന്‍വറിന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യുഡിഎഫ് നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാറമേക്കാവ് ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി അജിത് കുമാര്‍ പോയെന്നും ഒരു മണിക്കൂര്‍ സംസാരിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിയെ കാണാന്‍ പോയ പി വി അന്‍വര്‍ പോയത് പോലെയല്ല തിരിച്ചുവന്നത്. രണ്ടു മാലയുമായി പോകാമായിരുന്നു. ഒന്ന് ശശിക്കും ഒന്ന് എഡിജിപിക്കും ഇട്ട് കൊടുക്കാമായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച.
ബിജെപിയുടെ ലക്ഷ്യം സാധിച്ചു തരാം എന്ന വാക്കാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഒരു മിനിറ്റ് പോലും സുജിത് ദാസിനെ സര്‍വീസില്‍ നിലനിര്‍ത്താനാവില്ല. എന്തൊരു ഫോണ്‍ സംഭാഷണമായിരുന്നു അതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഹകരണ തട്ടിപ്പ് അന്വേഷണം അവസാനിച്ചു. പിടിമുറുക്കിയവര്‍ എവിടെയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. എഡിജിപിയെയും ശശിയെയും തൊടില്ല. താഴെയുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ്. സംഘപരിവാറുമായുള്ള ബന്ധം സിപിഎം തുടരുകയാണ്.
ഇ പി ജയരാജന്‍ ജാവദേക്കറിനെ കണ്ടത് ഈ ഡീലിന്റെ ഭാഗമായാണ്. ബിജെപി നേതാവിനെ കണ്ടത് കൊണ്ടാണ് ഇപിയെ പുറത്താക്കിയത്. മുഖ്യമന്ത്രിയും താന്‍ ജാവദേക്കറെ കണ്ടു എന്ന് പറഞ്ഞിരുന്നുവെന്നും സതീശന്‍ പറഞ്ഞു.