തിരുവനന്തപുരം: ഡല്‍ഹിയില്‍ പോയി ഇന്റര്‍വ്യൂ കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ദ ഹിന്ദു പോലൊരു പത്രത്തില്‍ അഭിമുഖം കൊടുത്തത് ഡല്‍ഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പി ആര്‍ ഏജന്‍സി അഭിമുഖത്തില്‍ വിവാദ ഭാഗം ചേര്‍ത്തതെങ്കില്‍ കേസെടുക്കാന്‍ തയ്യാറാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പി ആര്‍ ഏജന്‍സി ഓഫര്‍ ചെയ്താണ് ഹിന്ദു പത്രം അഭിമുഖത്തിന് തയ്യാറാവുന്നത്.
അഭിമുഖ ഭാഗം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതിക്കൊടുത്തതാണ്. അല്ലായെങ്കില്‍ ഗുരുതരകുറ്റമാണെന്നും കേസെടുക്കാത്തതെന്തെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ്.
ഏജന്‍സി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വര്‍ണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്.
മുഖ്യമന്ത്രി മനപ്പൂര്‍വമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. അഭിമുഖ സമയത്ത് ആരാണ് കൂടെ നിന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെ വന്ന രണ്ടുപേര്‍ക്കു മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.