തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി.പി.ദിവ്യ വിഐപി പ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരമാണ്. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു സിപിഎം ശ്രമം.
അത് മാധ്യമങ്ങൾ പൊളിച്ച് അടുക്കിയെന്നും വി.ഡി.സതീശൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പായതു കൊണ്ടാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ആശുപത്രിയിൽ ദിവ്യയെത്തി ചികിത്സ തേടിയിരുന്നു. എന്നിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല.
പാർട്ടിക്കാരായ പ്രതികൾ വന്നാൽ കേരളത്തിൽ ആർക്കും നീതി കിട്ടില്ല. സിപിഎമ്മിന്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.