വെള്ളപൂശുകാരോട് വെറുപ്പ്. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വീക്ഷണം മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷനേതാവും കെ.പി.സി.സി അദ്ധ്യക്ഷനും. പത്രം തിരുത്തണമെന്ന് സണ്ണി ജോസഫ്. പാർട്ടി പത്രത്തിന്റെ നീക്കത്തിൽ മുതിർന്ന നേതാക്കൾക്ക് അമർഷം

New Update
vd satheesan sunny joseph-2

തിരുവനന്തപുരം : ലൈംഗികാപവാദ കേസിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗമെഴുതിയ കോൺഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായ വീക്ഷണത്തിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം.

Advertisment

പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടയാളായ രാഹുലിനെ ന്യായീകരിച്ച് എന്ത് അർത്ഥത്തിലാണ് മുഖപ്രസംഗം വന്നതെന്ന ചോദ്യമാണ് ഉയരുന്നത്.


സ്ത്രീപീഡന പരാതിയിൽ ഗൗരവതരമായ വകുപ്പുകൾ ചുമത്തപ്പെട്ട ആളിനെ വെള്ളപൂശുന്ന നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.


പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ മുഖപ്രസംഗത്തെ തുറന്നെതിർക്കുമ്പോൾ മറ്റ് നേതാക്കൾ കടുത്ത എതിർപ്പാണ് വിഷയത്തിൽ ്രപകടിപ്പിക്കുന്നത്.

പത്രത്തിന്റെ നടപടിയെ തള്ളി രംഗത്ത് വന്ന കെ.പി.സി.സി അദ്ധ്യക്ഷൻ തിരുത്തൽ വേണമെന്ന് കർശനമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

veekshanam

കാലാകാലങ്ങളായി എ ഗ്രൂപ്പിന് വേണ്ടിയാണ് വീക്ഷണം പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പിണങ്ങിപ്പിരിഞ്ഞ എ ഗ്രൂപ്പിലെ(ഇപ്പോഴത്തെ വി.എസ് ഗ്രൂപ്പ്) വിഷ്ണുനാഥ് - ഷാഫി പറമ്പിൽ അനുകൂലിയായ രാഹുലിനെ പിന്തുണച്ച് മുഖപ്രസംഗം എഴുതിയത്. 


പാർട്ടിയിലെ മുതിർന്ന നേതാവും വീക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്നതുമായ പി.ടി തോമസ് മരണപ്പെട്ടതോടെയാണ് പത്രം കുത്തഴിഞ്ഞ നിലയിലേക്ക് മാറിയത്. നിലവിലെ എം.ഡി ജയ്‌സൺ ജോസഫിന്റെ പിടിപ്പുകേട് മുഖപത്രത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. 


''കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന സിപിഎം, കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ട് മൂക്ക് പൊത്തുന്നതു പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നത്.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ. ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിൽ ഭീതി പടർത്തിയിരിക്കുകയാണ്. അതാണ് ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനം'' എന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.

veekshanam rahul

പീഡനത്തിനിരയായി എന്ന് അവകാശപ്പെട്ട് യുവതി പരാതി നൽകിയ സാഹചര്യത്തിൽ പാർട്ടി ഒന്നാകെ രാഹുലിനെ തള്ളുമ്പോഴാണ് പാർട്ടി നിലപാടിനെതിരെ മുഖപ്രസംഗം എഴുതി കോൺഗ്രസിനെ വെട്ടിലാക്കിയത്.  

അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യയിൽ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്ന് രാഹുലിനോട് ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം സൃഷ്ടിക്കുന്ന നാണക്കേടിനെക്കുറിച്ച് മറുപടി പറയാൻ പ്രതിപക്ഷ നേതാവടക്കം നേതാക്കൾ പാടുപെടുകയാണ്. അതേസമയം പാർട്ടി പ്രതിസന്ധിയിൽ ആയിരിക്കെ രാഹുലിനെ വെള്ളപൂശിയത് നിഷ്‌കളങ്കമല്ലെന്ന് തന്നെയാണ് നേതൃത്വത്തിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അനൗപചാരികമായ അന്വേഷണം നടത്താൻ ധാരണയായി എന്നും സൂചനയുണ്ട്.

Advertisment