/sathyam/media/media_files/2025/05/06/8mOd0YZpFSX8Tk0jK5pb.jpg)
തിരുവനന്തപുരം: കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കാന്‍ കേരളം. സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരെ ഉള്‍പ്പെട്ടെതാണ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാണം ഉണ്ടായത്.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുത്.
ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്.
അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇക്കാര്യത്തില്‍ ഇടപെടല്‍ ശക്തമാക്കാന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും.
ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.