/sathyam/media/media_files/2026/02/25/veena-attack-2026-02-25-19-28-48.jpg)
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധവുമായി സി.പി.എം.
കണ്ണൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മുതിർന്ന നേതാക്കളും എം.എ.ൽ.എമാരും അണിനിരന്നു. പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് നഗരത്തിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ജയരാജൻ, എം. വിജിൻ എം.എൽ.എ, ടി.വി. രാജേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസിനും കെ.എസ്.യുവിനും എതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ഉയർന്നത്.
മന്ത്രിയെ അപായപ്പെടുത്താനാണ് കെ.എസ്.യു ശ്രമിച്ചതെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു. മന്ത്രിയുടെ കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേറ്റെന്നും ഒരു വനിതാ മന്ത്രിക്കു നേരെ നടന്നത് കേവലം പ്രതിഷേധമല്ല, മറിച്ച് 'തെമ്മാടിത്തം' ആണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വെച്ചതിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്നും സി.പി.എം ആരോപിക്കുന്നു.
സംഭവത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു.
സംസ്ഥാനത്തുടനീളം വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us