Advertisment

വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവം, മരിച്ച വിനോദ് കുമാറിന്റെ മകന്‍ അശ്വിനുമായി സംസാരിച്ച് ആരോഗ്യമന്ത്രി; കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അശ്വിന് ഉറപ്പ് നല്‍കി വീണാ ജോര്‍ജ്‌

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തില്‍, മരിച്ച വിനോദ് കുമാറിന്റെ മകന്‍ ഡോ. അശ്വിനുമായി സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

New Update
veena george newwww

തിരുവനന്തപുരം: കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തില്‍, മരിച്ച വിനോദ് കുമാറിന്റെ മകന്‍ ഡോ. അശ്വിനുമായി സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  എമര്‍ജന്‍സി ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച പിതാവിനെ ചികിത്സിച്ച രണ്ടാം വര്‍ഷ എംബിബിഎസ് പരീക്ഷ പാസാകാത്ത, വ്യാജ ഡോക്ടറെ കുറിച്ച് അശ്വിന്‍ മന്ത്രിയോട് പറഞ്ഞു.

Advertisment

പിതാവിനെ നഷ്ടപ്പെട്ട അശ്വിന്റെ വേദനയുടെ ആഴം വലുതാണ്. കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യും എന്ന് അശ്വിനോട് ആരോഗ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം, യോഗ്യതയും രജിസ്‌ട്രേഷനും  ഇല്ലാത്ത ഒരാളുടെ ചികിത്സയുടെ ഫലമായി ഒരാള്‍ മരണപ്പെട്ടാലോ ഗുരുതര ആരോഗ്യ അവസ്ഥ ഉണ്ടായാലോ തടവും പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇതേ നിയമപ്രകാരം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റര്‍ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് ആ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഈ സംഭവത്തില്‍ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് മാനേജ്മെന്റുകള്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ ഈ കര്‍ത്തവ്യം പി.എസ്.സി.യാണ് നിര്‍വഹിക്കുന്നത്.

അതേസമയം, രോഗികളെയും ഒപ്പമുള്ളവരെയും സംബന്ധിച്ച് ഇങ്ങനെ പരിശോധിക്കാന്‍ കഴിയുന്നതല്ല. കൊല്ലത്ത് വ്യാജ ഗൈനക്കോളജി സര്‍ട്ടിഫിക്കറ്റുമായി ഒരു ഡോക്ടര്‍ നല്‍കിയ ചികിത്സയെ തുടര്‍ന്ന് 2019 ല്‍ യുവതി മരിച്ച സംഭവത്തില്‍ ഫയല്‍ കഴിഞ്ഞ വര്‍ഷം മുമ്പിലെത്തിയപ്പോഴാണ് ഡോക്ടര്‍ രജിസ്ട്രേഷന്‍ ഉള്ള ആളാണോ എന്നറിയുന്നതിന് പൊതുസമൂഹത്തിനും ഒരു സംവിധാനം ആവശ്യമാണെന്ന് ചിന്തിച്ചത്.

സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനോട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാരുടെ പേര് മെഡിക്കല്‍ കൗണ്‍സില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ സൈറ്റിലെ പ്രസ്തുത വിവരം ആവശ്യമുള്ളവര്‍ മാത്രം കാണുന്നതിന് ക്യുആര്‍ കോഡും ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

കടലുണ്ടി പച്ചാട്ട് സ്വദേശി വിനോദ് കുമാറാ(60)ണ് മരിച്ചത്. എം.ബി.ബി.എസ് പരാജയപ്പെട്ട അബു അബ്രഹാം ലൂക്ക് ആണ് ചികില്‍സിച്ചത്. മരണത്തിനു ശേഷം താനും ഭാര്യയും നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞതെന്ന് വിനോദ് കുമാറിന്‍റെ മകന്‍ പറഞ്ഞു. കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബു ഏബ്രഹാം ലൂക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment