/sathyam/media/media_files/2025/05/06/8mOd0YZpFSX8Tk0jK5pb.jpg)
തിരുവനന്തപുരം: കേരളത്തിലെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സുരക്ഷ പദ്ധതി തയ്യാറാക്കി ഫയലിൽ പൂട്ടിവച്ചിരിക്കുകയാണ് സർക്കാർ.
കോട്ടയം മെഡിക്കൽ കോളേജിലെ പഴഞ്ചൻ കെട്ടിടം ഇടിഞ്ഞുവീണ് ഒരു വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞതിന് പിന്നാലെയാണ് ആശുപത്രി സുരക്ഷയ്ക്ക് പദ്ധതിയുണ്ടെന്നും ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്‍റ്റി ഓഡിറ്റ് നടത്തിയത് ഈ സർക്കാരാണെന്നും അവകാശപ്പെട്ട് മന്ത്രി വീണാ ജോർജ്ജ് രംഗത്തെത്തിയതും അപഹാസ്യമായി.
ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നുള്ള പദ്ധതി നടപ്പാക്കിത്തുടങ്ങിയെന്നാണ് മന്ത്രിയുടെ അവകാശവാദം.
ഉപയോഗിക്കാതെ ഉപേക്ഷിച്ച കെട്ടിടമാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇടിഞ്ഞുവീണതെന്ന വാദം നേരത്തേ പൊളിഞ്ഞിരുന്നു.
ഇടിഞ്ഞുവീണ കെട്ടിടത്തിന് സമീപത്തായി വാർഡുകൾ പ്രവർത്തിച്ചിരുന്നതും ശുചിമുറി കൂട്ടിരിപ്പുകാരും രോഗികളും പതിവായി ഉപയോഗിക്കുന്നതാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു. ഉപേക്ഷിച്ച ശുചിമുറിയാണെങ്കിൽ ഒരു താഴിട്ട് പൂട്ടാമായിരുന്നല്ലോ എന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല.
കേരളത്തിലെ 1280 ഓളം വരുന്ന എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷ പദ്ധതി തയ്യാറാക്കുവാൻ മേയിലാണ് സർക്കാർ തീരുമാനിച്ചത്.ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് യോഗം ചേർന്നത്.
ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തിൽ ബന്ധപ്പെട്ട വിദഗ്ധരെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലകളിൽ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാർഗനിർദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജൂൺ 26 ന് ചേർന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശീലനങ്ങൾക്കായി തുക അനുവദിച്ചിട്ടുമുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ മുന്നോട്ട് നീങ്ങുന്നു. ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടുമെന്നാണ് മന്ത്രിയുടെ വാദം.
ഈ സുരക്ഷ പദ്ധതി മുഖേനെ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്‌നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാർഗങ്ങൾ തീരുമാനിക്കാവുന്നതുമാണ്.
അതത് സ്ഥലങ്ങളിൽ അടിയന്തരമായി ഇടപെടാൻ കഴിയുന്ന കാര്യങ്ങൾ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്‌നങ്ങളെ തടയുവാൻ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തി. പോലീസും, ഫയർഫോഴ്സുമായി ചേർന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈനും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം- മന്ത്രി വിശദീകരിക്കുന്നു.
ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ തീരുമാനിച്ചത് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു.
ആശുപത്രിയുടെയും ജീവനക്കാർ, രോഗികൾ എന്നിവരുടെയും സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിങ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോക്കോൾ. ഇതോടൊപ്പം ജീവനക്കാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും നിയമപരിരക്ഷ ഉറപ്പാക്കാനുമുള്ള നിർദേശങ്ങളും പ്രോട്ടോക്കോളിലുണ്ട്.
പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ആവശ്യമായവർക്ക് ഇനിയും പരിശീലനം നൽകും. ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഈ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു സ്ഥാപന മേധാവികൾ ഉറപ്പാക്കണം.
കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ സ്ഥിതി ദയനീയമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രാത്രി ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിലേക്ക് പോയ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടു. ആശുപത്രിയിൽ വാർഡിനോടു ചേർന്നാണു ഡോക്ടറുടെ വിശ്രമമുറി എന്നതിനാൽ താരതമ്യേന സുരക്ഷിതമാണ്. എന്നാൽ, കാടുപിടിച്ചു കിടക്കുന്ന ആശുപത്രി, ഹോസ്റ്റൽ പരിസരങ്ങളാണു ഡോക്ടർമാരുടെയും നഴ്സുമാരുടെയും പേടിസ്വപ്നം.
ആലപ്പുഴ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർമാർക്കു വിശ്രമമുറിയുണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലത്താണ്. ഡ്യൂട്ടി റൂമുകളിൽ മിക്കപ്പോഴും ആൾക്കൂട്ടത്തിനു നടുവിലിരുന്നാണു ജോലി. രാത്രി വൈകി, ലഹരി ഉപയോഗിച്ച് എത്തുന്നവരിൽ നിന്നുള്ള മോശം പെരുമാറ്റവും കയ്യേറ്റവും നേരിടേണ്ടി വരാറുണ്ട്.
ഇടുക്കി മെഡിക്കൽ കോളജിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പൂർണസമയ സേവനം ലഭിക്കുന്നില്ല. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നഴ്സുമാർക്കു വിശ്രമിക്കാൻ പ്രത്യേകം സ്ഥലമില്ല.
മെഡിക്കൽ കോളജിന്റെയും നഴ്സിങ് കോളജിന്റെയും ഹോസ്റ്റലുകളിൽ സുരക്ഷയില്ല. മഞ്ചേരി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗം ഡോക്ടർമാർക്ക് ഡ്യൂട്ടി റൂം കുറവാണ്. പൊലീസ് എയ്ഡ് പോസ്റ്റിൽ രാത്രി പൊലീസ് ഉണ്ടാകാറില്ല.