പത്തനംതിട്ട: വകുപ്പിലെ വീഴ്ചകൾ മൂലം വിവാദച്ചുഴിയിൽ പെട്ടുകിടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സ്വന്തം ജില്ലയിൽ നിന്നും പടയൊരുക്കം.
കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണത്തിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവ് കൂടിയായ മന്ത്രി വീണാ ജോർജിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പ്രതിഷേധം ഉയരുന്നത്.
പ്രാദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത്. എന്നാൽ ഫേസ്ബുക്കിലൂടെ മന്ത്രിയെ വിമർശിച്ചവർക്കെതിരെ നടപടി എടുക്കാനാണ് സി.പി.എം ജില്ലാ നേതൃത്വത്തിൻെറ നീക്കം.
പരസ്യമായി വിമർശനം ഉന്നയിച്ച പ്രാദേശിക നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയും സർക്കാരും വിവാദത്തിലായ ഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് നേതൃത്വം നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പി. ജെ. ജോൺസണാണ് ഫേസ്ബുക്ക് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്. മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണ ജോർജ് അർഹയല്ല, കൂടുതൽ പറയുന്നില്ല പറയിപ്പിക്കരുത് എന്നായിരുന്നു ജോൺസൻെറ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് പിന്നാലെ ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗമായ എൻ.രാജീവും മന്ത്രിയെ പരിഹസിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടു. കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും എന്നായിരുന്ന അഭിഭാഷകൻ കൂടിയായ രാജീവിൻെറ ഫേസ് ബുക്ക് പോസ്റ്റ്.
/filters:format(webp)/sathyam/media/media_files/2025/04/08/82W08qvkn6tAeLmTSsMB.jpg)
ശിശുക്ഷേമ സമിതിയിൽ നിന്ന് പുറത്തായതിലുളള വൈരാഗ്യമാണ് പ്രകടിപ്പിച്ചത് എന്നും ആക്ഷേപമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം വിവാദമായതോടെ ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ പറഞ്ഞു രാജീവ് മറ്റൊരു പോസ്റ്റ് ഇട്ട് തടിയൂരുകയും ചെയ്തു.
പഴയ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പാർട്ടി നേതാക്കളും പ്രവർത്തകരും എല്ലാം ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലും മന്ത്രി വീണാ ജോർജിന് എതിരായ വിമർശനം കണ്ടു തുടങ്ങിയതോടെ നേതൃത്വത്തിന് അപകടം മണത്തു.
കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് നിയന്ത്രിക്കണമെന്ന് നിർദേശം കൂടി വന്നതോടെ ആദ്യം നിസംഗരായി നോക്കിനിന്ന ജില്ലാ നേതൃത്വം ഉണർന്നു
.പാർട്ടിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങളും വിമർശനവും നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചു.
സ്വന്തം ജില്ലയിലെ നേതാക്കളിൽ നിന്ന് ഉണ്ടായ വിമർശനത്തിൽ മന്ത്രി വീണക്കും കടുത്ത അമർഷമുണ്ടായിരുന്നു.
വീണാ ജോർജിനെ വിമർശിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിൻെറ ഫേസ് ബുക്ക് റീലും മന്ത്രിക്കെതിരായ ഒളിയമ്പാണെന്ന് വ്യാഖ്യാനമുണ്ട്.
ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന തൃശൂരിലെ എസ്.എഫ്.ഐ വനിതാ നേതാവിൻെറ വീഡിയോ ആണ് മന്ത്രിക്കെതിരെന്ന വ്യാഖ്യാനത്തിന് ഇട നൽകിയത്.
ആരും കരഞ്ഞില്ല, മാപ്രകൾ അറിഞ്ഞില്ല എന്നൊക്കെ പറയുന്ന വീഡിയോ മന്ത്രി വീണയെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടിയുളളതാണെന്നാണ് വ്യാഖ്യാനം.
സംഭവം പ്രചരിച്ചതോടെ വിശദീകരണവുമായി രാജു എബ്രഹാം രംഗത്തെത്തി. പങ്കുവെച്ച ഫെയ്സ്ബുക്ക് റീലിന് വീണാ ജോർജുമായി ബന്ധമില്ലെന്നും തമാശയായി കണ്ടാൽ മതിയെന്നുമാണ് രാജു എബ്രഹാമിൻെറ വിശദീകരണം.
ജില്ലയിലെ മുതിർന്ന നേതാക്കളെ മറികടന്ന് എം.എൽ.എയും മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗത്വവും നേടിയ വീണാ ജോർജിനോട് പാർട്ടി നേതാക്കൾക്ക് വലിയ മമതയില്ല. ഉളളിലുളള എതിർവികാരമാണ് മന്ത്രി വിവാദത്തിൽ പെടുമ്പോഴൊക്കെ പൊന്തിവരുന്നത്.