/sathyam/media/media_files/2025/02/01/JuTuqYj4JGcFOMitYryJ.jpg)
തിരുവനന്തപുരം: പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്.
ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹീമോഫീലിയ രോഗികളുടെ പ്രശ്നങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്ക് ടെക്നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്സിസ് നല്‍കി വരുന്നുണ്ട്. പ്രൊഫൈലാക്സിസ് ചികിത്സയുടെ പ്രായപരിധി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹീമോഫീലിയ രോഗത്തിനുള്ള മരുന്ന് പ്രതിസന്ധി കഴിഞ്ഞ ഒരു വര്‍ഷമായി ആഗോള തലത്തിലുള്ളതിനാല്‍ വിവിധ കമ്പനികളെ ആശ്രയിച്ച് വേണ്ട ഇടപെടലുകള്‍ നടത്തി വന്നിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മരുന്ന് സംഭരണത്തിനും വികേന്ദ്രീകരണത്തിനും മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.