സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയര്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് വീണ ജോര്‍ജ്ജ്

ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡര്‍ മാനേജ്മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി

New Update
VEENA GEORGE

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയര്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. 


Advertisment

ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡര്‍ മാനേജ്മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 


ഇന്ത്യയിലെയും വിദേശത്തെയും 100-ലധികം പ്രമുഖ ന്യൂറോളജിസ്റ്റുകളും ഗവേഷകരും പങ്കെടുത്ത, തിരുവനന്തപുരത്തെ ഗ്രാന്‍ഡ് ഹയാറ്റില്‍ നടന്ന 'അഡ്വാന്‍സസ് ഇന്‍ ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡേഴ്സ്  അജചഉ 2025' കോണ്‍ഫറന്‍സ് വിജയകരമായി സമാപിച്ചു. 


ന്യൂറോ-മസ്‌കുലാര്‍ രോഗങ്ങള്‍ക്കും നവീന ചികിത്സാ മാര്‍ഗങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ് APND 25 സമ്മേളനം സംഘടിപ്പിച്ചത്. ന്യൂറോ - മസ്‌കുലാര്‍ രോഗങ്ങളുടെ വിവിധ ഘട്ടങ്ങളും നൂതന ചികിത്സാ മാര്‍ഗങ്ങളും കോണ്‍ഫറന്‍സ് ആഴത്തില്‍ ചര്‍ച്ച ചെയ്തു. 


രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിന് പോളിസികള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വിവിധ രാജ്യങ്ങളിലെ മാതൃകാ നയങ്ങള്‍ അവലംബിച്ച് വിലയിരുത്തി. 20-ലധികം ഗവേഷണ പ്രബന്ധങ്ങളും വിഷയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.


എസ്എംഎ പോലുള്ള അപൂര്‍വ രോഗം ബാധിച്ച എല്ലാ സാധാരണക്കാര്‍ക്കും സൗജന്യചികിത്സ നല്‍കാനുള്ള ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണയോടെയാണ് കെയര്‍ പദ്ധതി വിജയകരമായി മുന്നേറുന്നത്. 


രോഗങ്ങള്‍ അപൂര്‍വ്വമായിരിക്കാം, എന്നാല്‍ പരിചരണം അപൂര്‍വ്വമാകരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. വെറും മരുന്നുകളില്‍ ഒതുങ്ങുന്നതല്ല കെയര്‍ പദ്ധതി. ഫിസിയോതെറാപ്പി, കൗണ്‍സിലിംഗ്, പോഷകസഹായവും ഇതിലൂടെ ഉറപ്പാക്കുന്നു. 


പദ്ധതി സര്‍ക്കാരിന്റെ നൈതിക ബാധ്യതയാണെന്നും മന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ല. എസ്എംഎ പോലെയുള്ള അപൂര്‍വരോഗങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണം. ഓരോ ജീവനും വിലപ്പെട്ടതാണ്. അത് സംരംക്ഷിക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാമെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

Advertisment