/sathyam/media/media_files/RD7KLR2iQwDn7ogeE8XB.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഒരു ആരോഗ്യ സ്ഥാപനത്തിന് പുതുതായി അംഗീകാരവും രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തിന് ശേഷം പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്.
5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടി. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്.
തൃശൂര്‍ ഗുരുവായൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രം 87.08 ശതമാനം സ്‌കോറും, വയനാട് മുണ്ടേരി കല്‍പറ്റ നഗര കുടുംബാരോഗ്യ കേന്ദ്രം 95.67 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 201 ആശുപത്രികള്‍ എന്‍ക്യുഎഎസ് അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.