വേളം മണിമലക്കുന്നിലെ അനധികൃത നിർമ്മാണം; "ആക്റ്റീവ്പ്ലാനെറ്റ്" പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി. ശശികല

വയനാടിനോട് ചേർന്ന ഭൂപ്രകൃതിയുള്ള വേളത്തെ, ചൂരൽമലയെ അനുസ്മരിപ്പിക്കുന്ന കുത്തനെയുള്ള മണിമലക്കുന്നിലാണ് 150 ഏക്കറോളം വരുന്ന റബ്ബർ എസ്റ്റേറ്റ് ഭൂമിയിൽ പാർക്ക് നിർമ്മിക്കുന്നതെന്നും, ഈ നിർമ്മാണം അനധികൃതമാണെന്നും അവർ ആരോപിക്കുന്നു.

New Update
SASIKALA

കോഴിക്കോട്: കോഴിക്കോട് വേളം പഞ്ചായത്തിലെ മണിമലക്കുന്നിൽ ഒരുങ്ങുന്ന സ്വകാര്യ ടൂറിസം പാർക്കായ *'ആക്റ്റീവ്പ്ലാനെറ്റ്'*ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഗുരുതരമായ നിയമലംഘനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചർ (കെ.പി. ശശികല) രംഗത്ത്. 

Advertisment

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പോസ്റ്റിലാണ് ടീച്ചർ ആരോപണങ്ങൾ ഉന്നയിച്ചത്.


വയനാടിനോട് ചേർന്ന ഭൂപ്രകൃതിയുള്ള വേളത്തെ, ചൂരൽമലയെ അനുസ്മരിപ്പിക്കുന്ന കുത്തനെയുള്ള മണിമലക്കുന്നിലാണ് 150 ഏക്കറോളം വരുന്ന റബ്ബർ എസ്റ്റേറ്റ് ഭൂമിയിൽ പാർക്ക് നിർമ്മിക്കുന്നതെന്നും, ഈ നിർമ്മാണം അനധികൃതമാണെന്നും അവർ ആരോപിക്കുന്നു.

4

പ്രധാന ആരോപണങ്ങൾ:


 * കുടിവെള്ളം മലിനപ്പെട്ടു: പ്രവർത്തനമാരംഭിച്ച ആദ്യ ഘട്ടം കാരണം താഴ്വാരത്ത് താമസിക്കുന്നവരുടെ കുടിവെള്ളം മുട്ടുകയും കിണറുകൾ മലിനമാവുകയും ചെയ്തു. മലമുകളിലെ അറുപതോളം ശുചിമുറികളിലെ മാലിന്യം നേരിട്ട് കിണറുകളിലേക്ക് എത്തുന്നു.

 * നിയമലംഘനം: തോട്ടവിളകൾക്ക് മാത്രം അനുവദിച്ചിരുന്ന ഭൂമി എങ്ങനെയാണ് തരം മാറ്റിയതെന്നതിൽ വ്യക്തതയില്ല. തരം മാറ്റിയത് ആരുടെ ഉത്തരവിലൂടെയാണെന്ന് അന്വേഷിക്കണം.

 * അനുമതിയില്ല: നിർമ്മാണം സംബന്ധിച്ച് അന്വേഷിച്ചപ്പോൾ, അങ്ങനെ ഒരു ഔദ്യോഗിക അനുവാദവും പാർക്കിന് ലഭിച്ചിട്ടില്ല എന്ന നഗ്നസത്യം മനസ്സിലാക്കിയതായി ടീച്ചർ ആരോപിച്ചു.

2

 * രണ്ടാം ഘട്ടം ജീവഭീഷണി: മല തുരന്നും നിരത്തിയും നടത്തുന്ന രണ്ടാം ഘട്ട നിർമ്മാണം നാട്ടുകാരിൽ ജീവഭയം ഉണർത്തുന്നു. കുത്തനെ നിൽക്കുന്നതും ഭീമാകാരമായ പാറകളുള്ളതുമായ മലയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നത്.

 * അധികൃതരുടെ നിസ്സംഗത: പരിസ്ഥിതി, ജിയോളജി, പഞ്ചായത്ത് തുടങ്ങിയ എല്ലാ വകുപ്പുകളും ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്നും, ചൂരൽമലയിലെ നിയമം മണിമലയിൽ ബാധകമല്ലേ എന്നും അവർ ചോദ്യം ഉന്നയിച്ചു.

0

"ദുരന്തം നടന്നാൽ സേവന പ്രവർത്തനവുമായി ഓടിച്ചെല്ലാനായി കാത്തിരിക്കുകയാണോ അധികൃതർ?

പണത്തിന്റെ മേൽ പരുന്ത് പറക്കരുത്. അല്ലെങ്കിൽ ശവങ്ങൾക്കുമേൽ കഴുകൻമാർ വട്ടമിട്ട് പറക്കേണ്ടിവരും," എന്ന മുന്നറിയിപ്പോടെയാണ് ശശികല ടീച്ചർ തൻ്റെ ആശങ്ക രേഖപ്പെടുത്തിയത്.

പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ച്, നിയമലംഘനം സംബന്ധിച്ച് അന്വേഷണം നടത്താൻ അധികൃതർ തയ്യാറാകണം എന്നും അവർ ആവശ്യപ്പെട്ടു.

Advertisment