മികവില്‍ സംസ്ഥാനത്ത് ഒന്നാമതെത്തി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്

ഭരണ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ്  ട്രോഫി പുരസ്‌കാരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്.

New Update
veliaynnur

വെളിയന്നൂര്‍: ഭരണ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ്  ട്രോഫി പുരസ്‌കാരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്. അമ്പത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ബുധനാഴ്ച ഗുരുവായൂരില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. 

Advertisment


  സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി, മാലിന്യ സംസ്‌കരണം രംഗത്ത് സ്വീകരിച്ച പുതുമാതൃകകള്‍.


ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വാര്‍ഷിക പദ്ധതിയിലെ  പ്രവര്‍ത്തനങ്ങളുടെ മികവ്, സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ കാണിച്ച വേറിട്ട ഇടപെടലുകള്‍, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങള്‍, ഭിന്നശേഷി സൗഹൃദ സമീപനം പഞ്ചായത്ത് ആഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളിലേ കൃത്യത തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സജേഷ് ശശി പ്രസിഡന്റും ജിനി സിജൂ വൈസ് പ്രസിഡന്റുമായ ഭരണസമിതിയും സെക്രട്ടറി ജിജി റ്റി  യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തില്‍ എത്തിച്ചത്.



   വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നൂറു ശതമാനം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ഗ്രാമപഞ്ചായത്താണ് വെളിയന്നൂര്‍. കെട്ടിട നികുതി സമാഹരിക്കുന്ന രംഗത്തും  സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനമാണ് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് കാഴ്ചവയ്ക്കുന്നത്. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകള്‍ എല്ലാം നവീകരിച്ചു. 



മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വെളിയന്നൂരിലെ ബഡ്സ് സ്‌കൂള്‍ അനുകരണീയ മാതൃകയാണ്.ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കില്‍ ജോലിയും വരുമാനവും ഇല്ലാതാകുന്ന  മാതാപിതാക്കള്‍ക്കായി സ്‌കൂളിനോട് തൊട്ടുചേര്‍ന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നതിന് സംരംഭങ്ങള്‍ ആരംഭിച്ച മാതൃക കേരളത്തിന് ആകെ  പ്രചോദനമാണ്. 



കനിവ് പേപ്പര്‍ പ്രോഡക്ട്‌സ്  എന്ന  സ്ഥാപനത്തിലൂടെ പേപ്പര്‍ പേന, നോട്ട് പാഡ്,  ഫയലുകള്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ഇതള്‍ എന്ന ബ്രാന്‍ഡില്‍ പുതിയ നോട്ട് ബുക്കുകളും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. ഈ സുരക്ഷിതത്വ ബോധത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ മിടുക്കരാകുന്ന അനുഭവമാണ് മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നത്.


 വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം തുര്‍ച്ചയായി രണ്ടു തവണ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ നാല് സബ് സെന്ററുകളെയും ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ഗ്രാമപഞ്ചായത്താണ് വെളിയന്നൂര്‍.


തരിശുകിടന്ന വെളിയന്നൂര്‍ പാടശേഖം തുര്‍ച്ചയായ എട്ട് വര്‍ഷവും പച്ചപട്ടണിഞ്ഞ മാതൃക വെളിയന്നൂരില്‍ ഉണ്ട് 26 ഏക്കര്‍ പാടമായിരുന്നു വെളിയന്നൂരില്‍ തരിശായി കിടന്നിരുന്നത്. വിളനാശം, ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, തൊഴിലാളികളുടെ ക്ഷാമം, എന്നിവയൊക്കെ ആയിരുന്നു  പഞ്ചായത്തിലെ കാര്‍ഷിക മേഖലയെ പിന്നിലാക്കിയിരുന്നത്. എന്നാല്‍ ഇതൊന്നും കണക്കില്‍ എടുക്കാതെ കൂട്ടായ പരിശ്രമത്തിലൂടെ വിഷ രഹിതമായ അന്നം നാട്ടുകാര്‍ക്ക് എത്തിക്കാന്‍  വെളിയന്നൂരിലെ കര്‍ഷകര്‍ കാണിച്ച മാതൃക അനുകരണീയമാണ്.



ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും' എന്ന ലക്ഷ്യത്തില്‍ ഉന്നി ജില്ലയില്‍ ജൈവ വൈവിദ്യ ആക്ഷന്‍ പ്ലാനും, ബയോഡൈവേഴ്‌സിറ്റി രജീസ്ട്രര്‍ രണ്ട് വാല്യങ്ങളും തയ്യാറാക്കിയ ഏക ഗ്രാമ പഞ്ചായത്ത് വെളിയന്നൂര്‍ ആണ്.


എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം വച്ച് ഗ്രാമ പഞ്ചായത്ത്  പുതുവേലിയില്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയവും ഓപ്പണ്‍ ജിം ഉം സ്ഥാപിച്ചു.ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷന്‍ രണ്ട് ഘട്ടങ്ങളിലായി, ഭൂമി കൈവശമുള്ളതും എന്നാല്‍ വീടില്ലാത്തതുമായ കുടുംബങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മാണം വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. 



മൂന്നാം ഘട്ടത്തില്‍ മനസോടിത്തിരി മണ്ണ് പദ്ധതിയില്‍ ലഭിച്ച ഭൂമിയില്‍ വീടു നിര്‍മ്മാണം കൂടി പൂര്‍ത്തിയാവുന്ന തോടെ വെളിയന്നൂര്‍ ലൈഫ് പദ്ധതി പൂര്‍ത്തിയാവുന്ന ഗ്രാമ പഞ്ചായത്ത് ആവും. മാലിന്യം, ഊര്‍ജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കി ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്‍ ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത പഞ്ചായത്താണ് വെളിയന്നൂര്‍.