/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
തിരുവനന്തപുരം: എന്‍എസ്എസ് വിഷയാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കാറെന്നും ആഗോള അയ്യപ്പസംഗമത്തിലെ എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
അതേസമയം കോണ്‍ഗ്രസിന് ശബരിമല കാര്യത്തില്‍ ശരിക്കും നില പാടില്ലെന്നും കോണ്‍ഗ്രസുകാര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ അതെല്ലാം പാത്തും പതുങ്ങിയുമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്നലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രശംസിച്ച സുകുമാരന്‍ നായര്‍ ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ്സും ബിജെപിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഗമം ബഹിഷ്‌കരിച്ചതെന്നാണ് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ്സിന്റെ നടപടി കാണുമ്പോള്‍ അവര്‍ക്ക് ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും, ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.