ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.ഡി സതീശനെ പലതവണയായി വിമർശിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ െസക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നിൽ സുധാകരപക്ഷത്തെ നയിക്കുന്ന കെ.പി.സി.സി ഉന്നതനെന്ന് ആരോപണമുയരുന്നു.
രണ്ട് ദിവസങ്ങളിലായി പ്രതിപക്ഷനേതാവിനെ കടന്നാക്രമിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് കെ.പി.സി.സി ഉന്നതൻ എണ്ണ പകരുന്നുണ്ടെന്നാണ് ആരോപണമുയരുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരൻ മാറി സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വന്നതോടെ ഉന്നതൻ അപ്രസക്തനായിരുന്നു.
മുമ്പ് കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെടുക്കുകയും സുധാകരൻ ക്യാമ്പിനെ പ്രതിപക്ഷനേതാവിന് എതിരാക്കി പാർട്ടിയിൽ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്ത ഇദ്ദേഹത്തെ ഇപ്പോൾ ആരും വിശ്വാസത്തിലെടുക്കാത്ത അവസ്ഥയാണുള്ളത്.
പുന:സംഘടനയിൽ തന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് നിലവിൽ പ്രതിപക്ഷനേതാവിനെതിരെ പോർമുഖം തുറന്നിട്ടുള്ളതെന്നും പാർട്ടിയിൽ വാദമുയർന്ന് കഴിഞ്ഞു.
സതീശൻ ഈഴവ വിരുദ്ധനാണെന്നും സുധാകരനെ ഒതുക്കിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കെ.പി.സി.സി ഉന്നതന്റെ ഉപദേശപ്രകാരമാണെന്നാണ് പാർട്ടിക്കുള്ളിലെ ചില നേതാക്കൾ വ്യക്തമാക്കുന്നത്.
സുധാകരന്റെ കാലത്ത് നടന്ന വഴിവിട്ട പ്രവർത്തനങ്ങൾ മൂലം തന്റെ സ്ഥാന നഷ്ടം ഉണ്ടാകുമെന്ന ആശങ്കയിലാണ് പുതിയ കുത്തിത്തിരിപ്പുമായി ഇദ്ദേഹം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും വാദമുയരുന്നുണ്ട്.
കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയതിന് പിന്നിൽ പൂർണ്ണമായും ഹൈക്കമാന്റ് ഇടപെടലായിരുന്നുവെന്ന വസ്തുത മറച്ചുവെച്ചാണ് കെ.പി.സി.സി ഉന്നതൻ വെള്ളാപ്പള്ളിയെ സ്വാധീനിച്ച് പ്രതിപക്ഷനേതാവിനെതിരെ ആക്ഷേപം ഉന്നയിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
ഇദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടാനും ചിലർ മുറവിളി ഉയർത്തുന്നുണ്ട്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്കും എ.ഐ.സി.സി സെക്രട്ടറിമാരായ അറിവഴകൻ, പി.വി മോഹനൻ എന്നിവർക്കും ഉന്നതനെതിരെ പരാതി ലഭിച്ചുവെന്നാണ് സൂചനകൾ പുറത്ത് വരുന്നത്.
ഇതിനിടെ പ്രതിപക്ഷനേതാവിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മാത്യു കുഴൽനാടൻ എം.എൽ.എയും രംഗത്തു വന്നു കഴിഞ്ഞു.
പ്രതിപക്ഷനേതാവിനെയും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയെക്കുറിച്ചും കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും താൻ അധികം വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നുമായിരുന്നു കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
വി.ഡി സതീശന് നേരെ ഉതിർക്കുന്ന ഓരോ അമ്പും വന്ന് തറയ്ക്കുന്നത് കോൺഗ്രസിന്റെ മേലാണെന്നും അദ്ദേഹത്തെ ആക്രമിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ലെന്നും മാത്യു കഴുൽനാടൻ ഫേസ്ബുഒക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.
കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതേതര സംസ്‌കാരത്തിന് വേണ്ടി പടവെട്ടുമ്പോൾ ആ സംസ്‌കാരത്തെ എതിർക്കുന്നവർ അദ്ദേഹത്തെ ആക്രമിക്കുക സ്വാഭാവികമാണെന്നും ഇതുകൊണ്ടൊന്നും തകർക്കാൻ കഴിയുന്നതല്ല വി.ഡി സതീശൻ എന്ന നേതാവിന്റെ കരുത്തെന്നും മാത്യു കുറിപ്പിൽ പറയുന്നു.