വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എന്നും യോജിപ്പെന്ന് എം.വി. ഗോവിന്ദൻ. ‘ചതിയൻ ചന്തു’ പരാമർശത്തിൽ സി.പി.എമ്മിന് അത്തരം നിലപാടില്ലെന്നും മറുപടി. എസ്.എൻ.ഡി.പി വിദ്യാഭ്യാസ സ്ഥാപന അനുമതി വിഷയത്തിൽ പ്രതികരിക്കേണ്ടത് സർക്കാരെന്നും എം.വി ഗോവിന്ദൻ

New Update
vellappally govindan

കണ്ണൂർ:വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സി.പി.എമ്മിന് എല്ലായ്പ്പോഴും യോജിപ്പുണ്ടെന്നും അത് തുടരുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

Advertisment

എന്നാൽ, അദ്ദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളുടെയും ഉത്തരവാദിത്വം സി.പി.എമ്മിന് ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വെള്ളാപ്പള്ളി നടേശൻ സി.പി.ഐയെ ‘ചതിയൻ ചന്തു’ എന്ന് വിശേഷിപ്പിച്ചതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾക്ക് അത്തരം നിലപാടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.


സി.പി.ഐയുമായുള്ള മികച്ച ഐക്യം തുടരുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ എസ്.എൻ.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകുന്നില്ലെന്ന ആരോപണത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി ഭരണപരവും സാങ്കേതികവുമായ വിഷയമാണെന്നും അതിൽ സർക്കാർ മാത്രമേ വിശദീകരണം നൽകാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment