/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ എന്തുനിയമം കൊണ്ടുവന്നാലും മലപ്പുറത്ത് നിന്ന് അനുവാദം വാങ്ങിയില്ലെങ്കില്‍ കുഴപ്പമാകുമെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിവാദമാകുന്നു. വെളളാപ്പളളിയുടെ പ്രസ്താവന ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കളും മുസ്‌ളിം സംഘടനകളും രംഗത്തെത്തി.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ഭന്നിപ്പ് ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു.
ശ്രീനാരായണ ഗുരു എന്ത് പറഞ്ഞോ അതിന് വിരുദ്ധമാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി നടത്തിയ പ്രസ്താവന. മത സാമുദായിക നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. പിണറായി വിജയന്‍ പറഞ്ഞു കൊടുത്തിട്ടാണ് ഇത്തരം പ്രചരണം.
ദയവ് ചെയ്ത് വെളളാപ്പളളി നടേശന്‍ അതില്‍ നിന്ന് പിന്മാറണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗും സമസ്തയും രംഗത്ത് വന്നു. വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടോ എന്ന് സംശയിക്കുന്നതായി ലീഗം നേതൃത്വം പ്രതികരിച്ചു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഏത് സമുദായ വക്താവ് പറഞ്ഞാലും അത് തെറ്റ്.
അത് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്. നേരത്തെയും ഇത്തരത്തില്‍ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിലപ്പോയിട്ടില്ല. സര്‍ക്കാര്‍ തീരുമാനിക്കട്ടെ ഇതിനെയൊക്കെ എന്ത് ചെയ്യണമെന്ന്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്
ഗവണ്മെന്റ് ആണ് ഇതിന് മറുപടി പറയേണ്ടത്. ലീഗില്‍ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ ഒരു നിമിഷം അവര്‍ ലീഗില്‍ ഉണ്ടാകില്ല. ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടും'' കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വെള്ളാപ്പള്ളിക്ക് എതിരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ചോദിച്ചു. വര്‍ഗീയ ഭ്രാന്തന്മാരെ സമൂഹം ചങ്ങലയ്ക്കിടണമെന്നും മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമായാല്‍ എന്താണ് കുഴപ്പമെന്ന് സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ സത്താര്‍ പന്തല്ലൂരും ചോദിച്ചു.
പ്രതിപക്ഷ നേതാവും മുസ്‌ളീം ലീഗ് നേതൃത്വവും സമസ്ത അടക്കമുളള മുസ്‌ളീം സംഘടനകളും ശക്തമായ നിലപാടുമായി കടന്നു വന്നെങ്കിലും സി.പി.എം നേതാക്കളും മന്ത്രിമാരും വെളളാപ്പളളിയെ വിമര്‍ശിക്കാന്‍ തയാറായിട്ടില്ല. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയ നിലപാടുകള്‍ പറയുന്ന ആളാണ് വെള്ളാപ്പള്ളി എന്നാണ് മന്ത്രി വി.എന്‍.വാസവന്റെ പ്രതികരണം.
വെള്ളാപ്പള്ളിയെ വേദിയില്‍ ഇരുത്തി കൊണ്ടാണ് മന്ത്രി വി.എന്‍ വാസവന്റെ പ്രശംസ. വെളളാപ്പളളിയുടെ പ്രസ്താവനയെ വിമര്‍ശിക്കാന്‍ മന്ത്രി മുഹമ്മദ്‌റിയാസും തയാറായില്ല. വെളളാപ്പളളിയുടെ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് റിയാസ് പറഞ്ഞത്.
വെളളാപ്പളളിയെ പുകഴ്ത്തുന്ന തരത്തിലുളള വി.എന്‍.വാസവന്റെ പ്രതികരണവും പ്രതികരിക്കാതെ മുഹമ്മദ് റിയാസിന്റെ ഒഴിഞ്ഞുമാറലും വെളളാപ്പളളി നടേശന്റെ പ്രസ്താവന സി.പി.എം പിന്തുണയോടെ ആണെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ശരിവെക്കുന്നുണ്ട്.
വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് ആക്ഷേപം. പ്രസ്താവനക്കെതിരെ വിവാദം ആളിക്കത്തുമ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് വെളളാപ്പളളി നടേശന്റെ പ്രതികരണം. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയുമെന്നാണ് വെളളാപ്പളളിയുടെ ഇന്നത്തെ പ്രതികരണം.
തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. സത്യം തുറന്നു പറഞ്ഞാല്‍ കോലം കത്തിക്കുന്നു. കോലം കത്തിച്ചാലും നിലപാട് മാറില്ല. താന്‍ തീയില്‍ കുരുത്തവനാണെന്നും വെയിലത്ത് വാടില്ലെന്നും മന്ത്രി വാസവനെ സാക്ഷി നിര്‍ത്തിക്കൊണ്ട് വെളളാപ്പളളി പറഞ്ഞു.
സ്‌കൂള്‍ സമയ മാറ്റത്തിനെതിരായ മുസ്‌ളീം സംഘടനകളുടെ എതിര്‍പ്പാണ് വെളളാപ്പളളിയെ കടുത്ത പ്രതികരണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. വെളളാപ്പളളിയുടെ വിമര്‍ശനത്തിന് ഇടയിലും മുസ്‌ളീം സംഘടനകളെ അനുനയിപ്പിക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍. സ്‌കൂള്‍ സമയമാറ്റത്തിനെതിരെ കര്‍ശന നിലപാടെടുത്ത സമസ്ത അടക്കമുളള മുസ്‌ളിം സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ചര്‍ച്ച.
കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതിയെന്ന മട്ടാണ് കേരള സര്‍ക്കാരിനെന്നത് ഉള്‍പ്പടെയുള്ള വെള്ളാപള്ളി നടേശന്റെ ഇന്നലത്തെ കോട്ടയം പ്രസംഗത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സാമുദായിക നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംഘടിച്ച് വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത പറയുന്നുവെന്ന് എസ്.വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കുറ്റപ്പെടുത്തല്‍. വര്‍ഗീയ ഭ്രാന്തുകളെ മതേതരസമൂഹം ചങ്ങലക്കിട്ടേ പറ്റൂവെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂരും ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദന്‍ മുതല്‍ വെള്ളാപ്പള്ളി നടേശന്‍ വരെയുള്ള സകല സോകോള്‍ഡ് സെക്കുലറുകളും മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണെന്നും സത്താര്‍ പന്തല്ലൂര്‍ ആരോപിച്ചു.