കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന രണ്ട് കൊലപാതകങ്ങള്‍ വെളിപ്പെടുത്തി വേങ്ങര സ്വദേശി പൊലീസ് സ്റ്റേഷനില്‍. മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലാണ് 1986-ല്‍ താനൊരു കൊലപാതകം നടത്തിയതായും, 1989-ല്‍ മറ്റൊന്ന് ചെയ്തതായും വെളിപ്പെടുത്തി 54കാരനായ മുഹമ്മദ് എത്തിയത്.
1986ല്‍ 15 വയസ്സുള്ളപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ച ഒരാളെ തോട്ടില്‍ തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്ന് മുഹമ്മദ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ പേര്, സ്വദേശം, മറ്റു വിവരങ്ങള്‍ ഒന്നും തന്നെ അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും, കൂടുതല്‍ വിവരങ്ങള്‍ ഓര്‍മ്മയില്ലെന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു.
1989ല്‍ കോഴിക്കോട് വെള്ളയില ബീച്ചിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്ന് മുഹമ്മദ് വെളിപ്പെടുത്തി.
ഈ കേസുമായി ബന്ധപ്പെട്ട് അതേ വര്‍ഷം നടക്കാവ് പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും, സംഭവത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും, പിന്നീട് ആ വ്യക്തിയെ കാണാനായില്ലെന്നും മുഹമ്മദ് പറഞ്ഞു.
പഴയകാല വാര്‍ത്തകളും രേഖകളും പരിശോധിച്ചപ്പോള്‍, ബീച്ചിലെ കൊലപാതകത്തെക്കുറിച്ച് രേഖകളുണ്ടെന്ന് പോലീസ് കണ്ടെത്തി.
1986-ലെ സംഭവം നടന്നത് കോഴിക്കോട് തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍, വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തിരുവമ്പാടി പോലീസിന് കൈമാറി. ഇപ്പോള്‍ 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ കേസുകള്‍ വീണ്ടും അന്വേഷിക്കുകയാണ്.