കടുത്തുരുത്തി: മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയുടെ പുതിയ ഇടവക അജപാലന കേന്ദ്രം ഇന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കും. ഏറേകാലങ്ങളായുള്ള കാത്തിരിപ്പിന്റെയും ഇടവകജനത്തിന്റെ ഒത്തൊരുമിച്ചുള്ള പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് ജോര്‍ജ് ഇടവക അജപാലന കേന്ദ്രമെന്ന് വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ പറഞ്ഞു.
ആധുനിക ആവശ്യ സംവിധാനങ്ങളും സാഹചര്യങ്ങളും മുന്നില്‍ കണ്ടാണ് ഇതു നിര്‍മിച്ചതെന്നും ഇടവകാംഗങ്ങള്‍ക്ക് ഒരു സ്ഥലത്ത് ഒരുമിച്ചുകൂടുവാനും ആശയവിനിമയം നടത്തുവാനും കൂട്ടായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള സ്ഥാപനമാണിതതെന്നും അദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ നൂതന ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ കഴിയുന്ന മീഡിയാ റൂം, കമ്പ്യൂട്ടര്‍ റൂം, പാരിഷ് ലൈബ്രറി ആന്റ് റീഡിംഗ് റൂം, ഇന്റര്‍നെറ്റ്, സിസിടിവി തുടങ്ങിയ സംവിദാനങ്ങളെല്ലാം അജപാലന കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
അജപാലന കേന്ദ്രത്തിന്റെ പോര്‍ട്ടിക്കോയുടെ മുകളില്‍ കൈകള്‍ നീട്ടി ഏല്ലാവരെയും അനുഗ്രഹിക്കുന്ന ഈശോയുടെ രൂപവും, സ്ലൈഡിംഗ് ഡോറില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും മാന്‍വെട്ടത്തെ പ്രഥമപള്ളിക്ക് ശിലാസ്ഥാപനം നടത്തിയ വിശുദ്ധ ചാവറ കുര്യാക്കോസ് പിതാവിന്റെയും പ്രവേശന കവാടത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
തിരുകര്‍മങ്ങള്‍ക്ക് വികാരി റവ.ഡോ. സൈറസ് വോലംപറമ്പില്‍, സഹവികാരി ഫാ.ജോസഫ് ചൂരയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഇടവക വികാരിയുടെ നേതൃത്വത്തില്‍ കുര്യന്‍ ജോസഫ് മുതുകാട്ടുപറമ്പില്‍ കണ്‍വീനറായും ജോര്‍ജ് പുത്തൂപ്പള്ളി സെക്രട്ടറിയായും സെബാസ്റ്റ്യന്‍ വിരുത്തിയില്‍ ട്രഷററായുമുള്ള 15 അംഗ കണ്‍സ്ട്രക്ഷന്‍ ആന്റ് ഫൈനാന്‍സ് കമ്മിറ്റിയും സഹവികാരി ഫാ ജോസഫ് ചൂരക്കല്‍, കൈക്കാരന്മാരായ മാത്യൂസ് കെ. മാത്യൂ പുല്ലാപ്പള്ളി, ജോസ് കെ.എം. കലയന്താനം, ജോസ് റ്റി. ജെയിംസ് തടിയ്ക്കല്‍ എന്നിവരുള്‍പെടെയുള്ള ഇടവകാംഗങ്ങള്‍ ഒത്തൊരുമിച്ചാണ് അജപാലന കേന്ദ്രം പൂര്‍ത്തിയാക്കിയത്.