ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ കേരളത്തിൽ ഹിന്ദുത്വ ആശയ പ്രചരണം ശക്തമാക്കാൻ വിശ്വഹിന്ദുപരിഷത്ത്. ഹിന്ദുമതം വിട്ടവരെ തിരികെയെത്തിക്കാൻ ഘർവാപ്പസി പരിപാടി വ്യാപിപ്പിക്കും. ഇതിനായി ബജറംഗ്ദൾ - ദുർഗാവാഹിനി പ്രവർത്തനം വ്യാപിപ്പിക്കാനും തീരുമാനം. സംസ്ഥാനത്ത് 70 താലൂക്കുകളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും ആക്ഷേപം. വി.എച്ച്.പിയുടെ പുതിയ നീക്കം കേരളത്തിൽ കളംപിടിക്കാൻ

New Update
vhp-1657356357

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റും ജയിൽവാസവും ഉണ്ടാക്കിയ പ്രതിരോധം മറികടക്കാൻ കേരളത്തിൽ ഹിന്ദുത്വ ആശയത്തിൽ ഊന്നിക്കൊണ്ടുളള പ്രചരണം ശക്തമാക്കാൻ വിശ്വഹിന്ദുപരിഷത്ത്.

Advertisment

കേരളത്തിൽ മതപരിവർത്തന നിരോധനനിയമം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാകും പ്രചരണം ആരംഭിക്കുക.

രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം ഉണ്ടെന്നും കേരളത്തിനെയും അതിൻെറ പരിധിയിൽ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം ആവശ്യപ്പെടുന്നു.


മതപരിവർത്തനം നിരോധിക്കാൻ രാജ്യത്താകെ ഏകീകൃത നിയമം വേണമെന്നും വി.എച്ച്.പി ആവശ്യപ്പെടുന്നു. ഹിന്ദുമതത്തിൽ നിന്ന് ഇതര മതങ്ങളിലേക്ക് മാറി പോയവരെ തിരികെ കൊണ്ടുവരിക ലക്ഷ്യമിട്ട് ഘർ വാപ്പസി പരിപാടി കേരളത്തിൽ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 


യുവജന വിഭാഗമായ ബജറംഗ ദളിൻെറയും വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെയും പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കാനും വി.എച്ച്.പി തീരുമാനിച്ചു കഴിഞ്ഞു.

ഉത്തരേന്ത്യയിൽ  ബജരംഗ്ദളും ദുർഗ്ഗാവാഹിനിയും പ്രവർത്തിക്കുന്നത് പോലെ തന്നെ വിശ്വാസപരമായ വിഷയങ്ങളിൽ ഇടപെട്ടും ഹിന്ദു വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടുമായിരിക്കും കേരളത്തിലും പ്രവർത്തിക്കുക.


കേരളത്തിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനമുണ്ട് എന്നാണ് വി.എച്ച്.പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. കേരളത്തിലെ 70 താലൂക്കുകളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.


ഈ താലൂക്കുകളിൽ പ്രതിനിധികളെ നിയോഗിച്ച് പരിവർത്തനത്തിന് എതിരായ പ്രചാരണം നടത്താനാണ് പരിപാടി. ഇത്തരം പ്രചാരണ പരിപാടികളിൽ ക്രൈസ്തവ പുരോഹിതർ മുസ്ളീം സമുദായത്തിലേക്ക്  സേവന പ്രവർത്തനവുമായി പോകുന്നില്ലെന്ന വിഷയവും ഉന്നയിക്കാനാണ് വി.എച്ച്.പിയുടെ പദ്ധതി.

bajrang-dal-kerala-nuns-viral-video

സംസ്ഥാനത്തെ മതസൗഹാർദ്ദത്തിന് പോറലേൽപ്പിക്കുന്ന നീക്കമാണിതെന്ന് ആശങ്കയുണ്ട്. എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണ പ്രവർത്തനങ്ങൾക്കിടെ ഹിന്ദുത്വത്തിൽ ഊന്നിയ പ്രചരണവും അഴിച്ചുവിടുകയാണ് സംഘപരിവാറിൻെറ ലക്ഷ്യം എന്നാണ് സൂചന.

ഹൈന്ദവ ദേവാലയങ്ങളെ സർക്കാരിൻെറയും ദേവസ്വം ബോർഡിൻെറയും നിയന്ത്രണത്തിൽ നിന്ന് നീക്കണമെന്ന പഴയ ആവശ്യം സജീവമാക്കാനും വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്. ഹൈന്ദവ ആരാധനാലയങ്ങളിലെ ബാഹ്യ ഭരണം അവസാനിപ്പിക്കണം എന്ന മുദ്രാവാക്യമാകും ഉയർത്തുക


ഛത്തീസ്ഗഡിലെ കന്യാസത്രീകളുടെ അറസ്റ്റ് വിഷയത്തിൽ വസ്തുത ജനങ്ങളെ അറിയിക്കാനുളള ഇടപടെൽ നടത്തുമെന്നും വി.എച്ച്.പി സംസ്ഥാന നേതൃത്വം പറയുന്നുണ്ട്.


ഛത്തീസ് ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടുണ്ടെന്നും അവർ ശിക്ഷിക്കപ്പെടണമെന്നുമാണ് വി.എച്ച്.പിയുടെ നിലപാട്. അത് വ്യാപകമായി പ്രചരിപ്പിക്കാനാണ് പരിപാടി.

ദേശിയ നേതൃത്വത്തിൻെറ കൂടി നിർദ്ദേശപ്രകാരമാണ് നീക്കമെന്നാണ് സൂചന. ഛത്തീസ്ഗഡിൽ മതപരിവർത്തനം ഉണ്ട്.

ജയിലിലടക്കപ്പെട്ട സന്യാസിനികൾ നിയമപരമായി കേസിൽ നിന്ന് മോചിതരാകുമെങ്കിൽ ആയിക്കോട്ടെയെന്നാണ് വി.എച്ച്.പിയുടെ സമീപനം. ചെയ്ത തെറ്റിന് സന്യാസിനികൾ ശിക്ഷിക്കപ്പെടണം. 

nunhuntchatisgarh-1753642055426-ff489cfe-a8b7-458c-9cda-850d31b4f3a4-900x506

കേസിൽ ഏത് സർക്കാരും സ്വീകരിക്കുന്ന സ്വാഭാവികമായ നടപടിക്രമങ്ങളാണ് ഛത്തീസ്ഗഡിലും ഉണ്ടായത്. ഇത്തരം സംഭവങ്ങളിൽ കേരളത്തിലും ശക്തമായി ഇടപെടൽ നടത്താൻ ബജംഗ്ദളിനും ദുർഗ്ഗാവാഹിനിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വം സ്വീകരിച്ച ഭിന്ന നിലപാടിനെ വി.എച്ച്.പി നേതൃത്വം ന്യായീകരിക്കുന്നുണ്ട്. ബി.ജെ.പിയുടേത് രാഷ്ട്രീയ നിലപാടാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അനുസൃതമായ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുക.

ഒരു വീട്ടിലെ സഹോദരങ്ങൾക്ക് രണ്ട് തീരുമാനങ്ങൾ എടുക്കാമല്ലോയെന്നും വി.എച്ച്.പി നേതാക്കൾ വിശദീകരിക്കുന്നുണ്ട്. ഇടക്കാലത്ത് അത്ര സജീവമല്ലാതായി പോയ വിശ്വഹിന്ദു പരിഷത്തിൻെറ പ്രവർത്തനങ്ങളെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ പിടിച്ച് പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം.

Advertisment