/sathyam/media/media_files/eyHQIRwN0Pi5vp8XqbNu.jpg)
തിരുവനന്തപുരം: 2025 വര്‍ഷം വിജിലന്‍സിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ പല നേട്ടങ്ങളും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ വര്‍ഷമാണ്. ''അഴിമതിമുക്ത കേരളം'' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ക്ക് അടിത്തറയിടുന്ന പ്രവര്‍ത്തനമാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ എന്നോ സംസ്ഥാന സര്‍ക്കാര്‍ എന്നോ വ്യത്യാസമില്ലാതെ അഴിമതി മുഖമുദ്രയായി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രാപ്പ് അറസ്റ്റ് ഉള്‍പ്പെടെ നിരവധി അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണ് വിജിലന്‍സ് കാഴ്ചവെച്ചത്.
എല്ലാ വകുപ്പുകളും അഴിമതിരഹിതമാക്കണം എന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നോഡല്‍ ഏജന്‍സിയായി എല്ലാ വകുപ്പുകളിലും ഇന്റേണല്‍ വിജിലന്‍സ് സംവിധാനം കൊണ്ടുവരുവാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ വകുപ്പുകളുടെ മുഖച്ഛായ തന്നെ മാറ്റിയ ഒന്നായി മാറി.
അപ്രകാരം നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ അവരുടെ അഴിമതി വിരുദ്ധ നടപടികളുടെ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് അയച്ചു കൊടുക്കേണ്ട സംവിധാനം ഇതിലൂടെ നിലവില്‍ വന്നു.
ഇന്റേണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വിജിലന്‍സ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തില്‍ മുഖ്യമന്ത്രി ഓരോ വകുപ്പിലും ഇന്റേണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ട രീതികള്‍ വിശദീകരിക്കുകയും, ഈ ഉദ്യോഗസ്ഥര്‍ അവരവരുടെ വകുപ്പുകളില്‍ അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലന്‍സ് നടത്തിയ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 2025-ല്‍ റെക്കാര്‍ഡ് നേട്ടമാണ് സംസ്ഥാന വിജിലന്‍സ് &ആന്റി-കറപ്ഷന്‍ ബ്യൂറോ കരസ്ഥമാക്കിയത്. 2025-ല്‍ 57 ട്രാപ്പ് കേസുകളിലായി ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഉള്‍പ്പെടെ ആകെ 76 പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഇത് വിജിലന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഇതില്‍ 20 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകള്‍ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും, 6 കേസുകള്‍ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് 2025ല്‍ വിജിലന്‍സ് പിടിച്ചിട്ടുള്ളത്.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ട്രാപ് കേസുകളില്‍ 5 എണ്ണം തിരുവനന്തപുരം ആസ്ഥാനമായ തെക്കന്‍ മേഖലയില്‍ നിന്നും, 9 ട്രാപ് കേസുകള്‍ കോട്ടയം ആസ്ഥാനമായ കിഴക്കന്‍ മേഖലയില്‍ നിന്നും, 28 ട്രാപ് കേസുകള്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്ധ്യ മേഖലയില്‍ നിന്നും, 15 ട്രാപ് കേസുകള്‍ കോഴിക്കോട് ആസ്ഥാനമായ വടക്കന്‍ മേഖലയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇടനിലക്കാരും ഏജന്റുമാരുമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന അഴിമതികളില്‍ മുഖ്യകണ്ണികളായി പ്രവര്‍ത്തിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏജന്റുമാരെയും ഇടനിലക്കാരെയും ട്രാപ്പ് കേസുകള്‍ ഈ വര്‍ഷം വിജിലന്‍സ് കൂടുതലായി പിടികൂടുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
കൂടാതെ ഈ വര്‍ഷം 201 വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 57 വിജിലന്‍സ് അന്വേഷണങ്ങളും, 300 പ്രാഥമിക അന്വേഷണങ്ങളും, 136 രഹസ്യ അന്വേഷണങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിലേക്കായി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ 2025-ല്‍ 1152 മിന്നല്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ വിജിലന്‍സിന് 2025 വര്‍ഷം ലഭിച്ച 9193 പരാതികളില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വിജിലന്‍സിന്റെ വിവിധ കോടതികളിലായി വിചാരണ നടന്നു വന്ന കേസുകളില്‍ 2025 ല്‍ മാത്രം 30 കേസുകളില്‍ നിന്നായി 39 പ്രതികളെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഒരേ സമയം നടത്തുന്ന 8 സംസ്ഥാന തല മിന്നല്‍ പരിശോധനകള്‍ 2025-ല്‍ വിജിലന്‍സ് നടത്തുകയുണ്ടായി. റവന്യു വകുപ്പില്‍ ഹൈവേ വികസനത്തിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി ''ഓപ്പറേഷന്‍ അധിഗ്രഹണ്‍'' എന്ന പേരിലും, നെല്‍ വയല്‍-തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി തരം മാറ്റുന്നതിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി 'ഓപ്പറേഷന്‍ ഹരിത കവചം'' എന്നീ പേരിലും, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നിന്നും കള്ള് ഷാപ്പുകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായും, ക്രമക്കേടുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍''ഓപ്പറേഷന്‍ സേഫ് സിപ്പ്'' എന്ന പേരിലും ബാറുകളിലെ അനധികൃത മദ്യ വില്‍പ്പനയും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി 'ഓപ്പറേഷന്‍ ബാര്‍ കോഡ്'' എന്ന പേരില്‍ തിരഞ്ഞെടുത്ത ബാറുകളിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും, മോട്ടോര്‍ വാഹന വകുപ്പില്‍ ''ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ്'', രജിസ്‌ട്രേഷന്‍ വകുപ്പില്‍ ''ഓപ്പറേഷന്‍ സെക്യുര്‍ ലാന്‍ഡ്'' വനം വകുപ്പില്‍ 'ഓപ്പറേഷന്‍ വനരക്ഷ'', വിദ്യാഭ്യസ വകുപ്പില്‍ ''ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്'' എന്നീ പേരുകളിലുമാണ് വിജിലന്‍സ് 2025-ല്‍ സംസ്ഥാനതല മിന്നല്‍ പരിശോധനകള്‍ നടത്തിയിട്ടുള്ളത്.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ട്രാപ്പ് കേസുകളിലെ പ്രതികള്‍ വാങ്ങുന്ന കൈക്കൂലി തുകയില്‍ വന്‍ വര്‍ദ്ധനവാണ് ഈ വര്‍ഷം കാണപ്പെട്ടത്. മുന്‍ കാലങ്ങളില്‍ 500, 1000 രൂപയുടെ കൈക്കൂലി കേസുകളാണ് പിടിക്കപ്പെട്ടിരുന്നതെങ്കില്‍ ഈ വര്‍ഷം ലക്ഷങ്ങളാണ് കൈക്കൂലി ഇനത്തില്‍ കൈമാറവെ വിജിലന്‍സ് പിടിച്ചെടുത്തത്.
രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ 3 കേസുകളും, ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഉള്‍പ്പെടെ 14,92,750/ രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഗൂഗിള്‍-പേ മുഖാന്തിരം കൈക്കൂലി വാങ്ങിയ 3 ട്രാപ്പ് കേസുകളും വിജിലന്‍സ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തു.
ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തില്‍ മികച്ച പ്രകടനം നടത്തി വി.എ.സി.ബി മുന്‍ നിരയില്‍ എത്തിയിരുന്നു. വിജിലന്‍സ് കോടതികള്‍ ശിക്ഷിച്ചതിന് ശേഷം മേല്‍കോടതികളില്‍ അപ്പീല്‍ സമര്‍പ്പിച്ച് ജാമ്യത്തില്‍ പോകുകയും എന്നാല്‍ മേല്‍ കോടതികള്‍ ശിക്ഷ ശരിവച്ച ശേഷം വിജിലന്‍സ് കോടതിയില്‍ കീഴടങ്ങാതെ ഒളില്‍ കഴിഞ്ഞിരുന്ന 12 പ്രതികളെയാണ് വിജിലന്‍സ് ഈ വര്‍ഷം പിടികൂടി ജയിലിലടച്ചത്.
സംസ്ഥാനത്ത് അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി വിജിലന്‍സ് വകുപ്പ് ഒരാഴ്ച നീണ്ടുനിന്ന വിജിലന്‍സ് അവയര്‍നെസ്സ് വീക്ക് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുകയും, മറ്റുള്ള വകുപ്പുകളുടെ സഹകരണത്തോടെ നിരവധി അഴിമതി വിരുദ്ധ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പക്കാരിലും പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അഴിമതി വിരുദ്ധ പോരാട്ടം നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും, റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രമാക്കിയും പൊതുജനങ്ങള്‍ വന്നു കൂടുന്നമറ്റു് സ്ഥലങ്ങളിലും വിജിലന്‍സ് ബോധവല്‍ക്കരണ പരിപാടികളും, റാലികളും സംസ്ഥാന വ്യാപകമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
വിജിലന്‍സ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത് വിജിലന്‍സ് മാനുവലിന്റെ അടിസ്ഥാനത്തിലാണ്. കാലോചിതമായി വിജിലന്‍സ് മാനുവല്‍ പരിഷ്‌കരിക്കേണ്ട ആവശ്യം വന്നതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷം വിജിലന്‍സ് മാന്വല്‍ പരിഷ്‌കരണം പൂര്‍ത്തിയായി.
വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം തിരിച്ചറിഞ്ഞ് കേസുകള്‍ അടിയന്തരമായി തീര്‍ക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും,ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയും ഗവണ്‍മെന്റും ഉചിതമായ തീരുമാനം എടുക്കുകയും അപ്രകാരം കൊല്ലം വിജിലന്‍സ് കോടതി നിലവില്‍ വരികയും ചെയ്തു. അതോടുകൂടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കെട്ടിക്കിടന്ന കേസുകള്‍ കൊല്ലം കോടതിയിലേക്ക് മാറ്റുവാനും വിചാരണ ത്വരിതപ്പെടുത്തുവാനും കഴിഞ്ഞിട്ടുണ്ട്.
വിജിലന്‍സിന്റെ പല ഓഫീസുകളുംതിരുവനന്തപുരം നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടങ്ങളില്‍ സ്ഥിതിചെയ്യുന്നത് മൂലം പലവിധ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാവുന്നുണ്ട് എന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മാണം ആരംഭിച്ച 6736 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നാല് നിലകളിലായുള്ള വിജിലന്‍സ് ഓഫീസ് കോംപ്ലക്‌സിന്റെ പൂര്‍ത്തീകരണം അവസാനഘട്ടത്തിലാണ്. ഈ ഓഫീസ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി നാല് വിജിലന്‍സ് എസ് പി ഓഫീസുകളും, തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഓഫീസും ലീഗല്‍ അഡൈ്വസര്‍മാരുടെ ഓഫീസും മുട്ടത്തറ ഓഫീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കൂടാതെ വയനാട് വിജിലന്‍സ് യൂണിറ്റിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വയനാട് യൂണിറ്റ് പുതിയ ഓഫീസിലേക്ക്പ്രവര്‍ത്തനം മാറ്റും.
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി വിജിലന്‍സ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ സംവിധാനവും വാട്‌സ്ആപ്പ് സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സിന്റെ നിരവധി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കരുത് എന്നുള്ള തിരിച്ചറിവില്‍ നിന്ന് സര്‍ക്കാര്‍ വിജിലന്‍സിന് വാഹനം വാങ്ങുവാന്‍ മാറ്റിവെച്ച മുഴുവന്‍ തുകയും വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ഉത്തരവ് നല്‍കി അനുവദിക്കുക വഴി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുമെന്നുള്ള സര്‍ക്കാര്‍ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
കേസുകളുടെ ബാഹുല്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഒഴിഞ്ഞുകിടന്ന എല്ലാ തസ്തികകളിലും ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സോഷ്യല്‍മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് 2025-ല്‍ വിജിലന്‍സിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തെ ശക്തിപ്പെടുത്തുകയും അതുവഴി അഴിമതിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും, അഴിമതി സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റിയുമുള്ള സന്ദേശങ്ങള്‍ നല്‍കിയത് സമൂഹത്തില്‍ ജനങ്ങളെ വിജിലന്‍സിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ഐശ്വര്യ പൂര്‍ണവും, സമ്പല്‍ സമൃദ്ധി നിറഞ്ഞതും, അഴിമതി രഹിതവുമായ ഒരു പുതു വര്‍ഷം വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് പൊതുജനങ്ങള്‍ക്ക് നേരുകയും പുതുവര്‍ഷത്തിലും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് പൊതു ജനങ്ങളുടെ സഹകരണം തുടര്‍ന്നും തേടുകയും ചെയ്തു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us