തൃശ്ശൂര്‍: വിജിലന്‍സിന്റെ മിന്നല്‍ പരിശോധയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഡിഐജി അടക്കം ആറ് ഓഫീസര്‍മാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോണ്‍ഫറന്‍സിന്റെ പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന നടത്തിയത്.
ഉത്തര - മധ്യ മേഖലാ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സാബു എംസി അടക്കമുള്ളവരാണ് പിടിയിലായത്. പ്രതിമാസ കോണ്‍ഫറന്‍സിന് തൃശ്ശൂരിലെത്തിയ സാബു, സബ് രജിസ്ട്രാര്‍മാരില്‍ നിന്നും കൈകൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരം പ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
തൃശ്ശൂരിലെ പ്രതിമാസ യോഗം കഴിഞ്ഞ് തൃശൂര്‍ അശോക ഹോട്ടലിലേക് വന്ന ഡിഐജി, സബ് രജിസ്ട്രാര്‍മാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആര്‍, അക്ബര്‍ പി ഒ, രജീഷ് സിആര്‍ എന്നിവര്‍ക്കൊപ്പം അശോക ബാര്‍ ഹോട്ടലില്‍ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലന്‍സ് ഇവിടെയെത്തിയത്.
വിജിലന്‍സ് പരിശോധനയില്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടാത്ത 33050/ രൂപ അനധികൃതമായി ഇവരില്‍ നിന്ന് കണ്ടെത്തി.