സ്വർണക്കൊള്ളയിൽ അഴിയെണ്ണുന്നത് സി.പി.എമ്മിന്റെ മൂന്ന് പ്രമുഖ നേതാക്കൾ. മുൻ എം.എൽ.എ.യും ജില്ലാകമ്മിറ്റിയംഗവുമായ പത്മകുമാറിനെതിരേ നടപടി പോലുമില്ല. ഒടുവിൽ പിടിയിലായ വിജയകുമാർ തലസ്ഥാനത്തെ ലോക്കൽ കമ്മിറ്റിയംഗം. വാസുവും സി.പി.എമ്മിന്റെ ചങ്ക്. അടുത്തത് ആരിലേക്കെന്ന് ഉറ്റുനോക്കി കേരളം. മുൻമന്ത്രിയും നിലവിലെ എം.പിയുമടക്കം സംശയ മുനയിൽ. ഹൈക്കോടതി വടിയെടുത്തതോടെ അന്വേഷണം ഊർജ്ജിതമാക്കി എസ്.ഐ.ടി

New Update
vijayakumar padmakumar vasu

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ (അഡ്വ. പാറവിള വിജയകുമാർ) അറസ്റ്റിലായതോടെ സ്വർണക്കൊള്ളയിൽ ജയിലിലായ സി.പി.എം നേതാക്കൾ മൂന്നായി.

Advertisment

ബോർഡ് പ്രസിഡന്റുമാരായിരുന്ന എ.പത്മകുമാർ, എൻ.വാസു എന്നിവരും സജീവ സി.പി.എം നേതാക്കളാണ്. പത്മകുമാർ ഇപ്പോഴും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്. വിജയകുമാർ തിരുവനന്തപുരത്തെ തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമാണ്.


സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റുമായിരുന്നു. സി.പി.എം നോമിനിയായാണ് ദേവസ്വം ബോർഡിലെത്തിയത്.


എൻ.വാസു മന്ത്രിയായിരുന്ന പി.കെ ഗുരുദാസന്റെ സ്റ്റാഫംഗവും സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റും വിജിലൻസ് ട്രൈബ്യൂണലുമൊക്കെയായിരുന്നു. ഒരു മുൻമന്ത്രിയും നിലവിലെ എം.പിയുമടക്കം സ്വർണക്കൊള്ളയിൽ സംശയമുനയിലാണ്.

vasu ed a padmakumar

ശബരിമലയിലെ സ്വർണപാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നാണ് വിജയകുമാറിനെതിരായ കുറ്റം. മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് അന്വേഷണസംഘത്തിന് മുന്നിൽ എത്തുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കോന്നി എംഎൽഎയുമായ എ. പത്മകുമാറിനൊപ്പം 2019 ലെ ഭരണസമിതിയിൽ ഉണ്ടായിരുന്ന സിപിഎം നേതാവാണ് വിജയകുമാർ.


അന്നത്തെ മറ്റൊരംഗം കെ.പി ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ജനുവരി ഒന്നിന് കോടതി പരിഗണിക്കുന്നുണ്ട്. സി.പി.ഐ പ്രതിനിധിയാണ് ശങ്കരദാസ്. 


 മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരുന്ന വിജയകുമാർ   ഉച്ചയോടെ എസ്.ഐ.ടി ഓഫീസിൽ ഹാജരായി. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു.

പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും അന്നത്തെ ബോർഡംഗങ്ങളായിരുന്ന വിജയകുമാറിലേക്കും ശങ്കർദാസിലേക്കും അന്വേഷണം നീളാത്തത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

1502350-swarna-kolla

വൻ സ്രാവുകളെ പിടിക്കണമെന്നും നിർദേശിച്ചു. ഒളിവിലായിരുന്ന വിജയകുമാറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ എസ്.ഐ.ടി എത്തിയിരുന്നു.

 അറസ്റ്റിന് ഒരുങ്ങവേയാണ് കീഴടങ്ങൽ. ഇതറിഞ്ഞ വിജയകുമാർ താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അടുത്ത സുഹൃത്തുക്കൾക്ക് സന്ദേശമയച്ചു.


ഇതിനു പിന്നാലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അഭിഭാഷകനുമൊപ്പമെത്തി വിജയകുമാർ കീഴടങ്ങുകയായിരുന്നു. 


ബോർഡിലെ എല്ലാം അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞതോടെയാണ് വിജയകുമാറിന് മുന്നിലെ വഴികളടഞ്ഞത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

sabarmala

ശബരിമല അയ്യപ്പനെതിരായോ ദേവസ്വം ബോർഡിന് എതിരായോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി അറിയില്ലെന്നും വിജയകുമാർ നേരത്തേ പറഞ്ഞിരുന്നു. ഇത് കള്ളമാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിടാനുള്ള ബോർഡ് തീരുമാനത്തിൽ വിജയകുമാറിനും കൂട്ടുത്തരവാദിത്തമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബോ‌ർഡിന് നഷ്ടം വരുത്തുകയെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചു.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി. പോറ്റിയടക്കം മറ്റ് പ്രതികൾക്ക് അന്യായ ലാഭമുണ്ടാക്കാൻഇടവരുത്തുന്ന രീതിയിൽ ക്ഷേത്ര മുതലുകൾ ദുരുപയോഗം ചെയ്തു. രേഖകളിൽ കൃത്രിമം കാട്ടിയെന്നും എസ്.ഐ.ടി പറയുന്നു.

Advertisment