പ്രതിഛായ മിനുക്കലില്ല, പിണറായി വിജയന്‍തന്നെ മൂന്നാംവട്ടവും ഇടതുപക്ഷത്തെ നയിക്കട്ടെയെന്ന് കേന്ദ്രനേതൃത്വം. പകരക്കാരിയായി ഉയര്‍ന്നുകേട്ട കെകെ ശൈലജയ്ക്കും പഴയ പ്രതിഛായ ഇപ്പോഴില്ലെന്ന് വിലയിരുത്തല്‍. ജയിച്ചാല്‍ പിണറായി മൂന്നാം തവണയും മുഖ്യന്‍. തോറ്റാല്‍ സിപിഎമ്മിലെ ചിരിക്കുന്ന മുഖമായ കെ എന്‍ ബാലഗോപാല്‍, പി രാജീവ് ഉള്‍പ്പെടെയുള്ള പുതുമുഖങ്ങള്‍ക്ക് പ്രതിപക്ഷ നേതൃസ്ഥാനം

സിപിഎമ്മിലെ ചിരിക്കുന്ന മുഖങ്ങളിൽ ഒന്നാണ് കെ.എൻ.ബാലഗോപാൽ. മന്ത്രി ആയിരുന്ന കാലത്തെ മികച്ച പ്രതിഛായ ശൈലജക്ക് ഇപ്പോഴില്ലെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ. പിണറായിക്ക് ഇളവ്. 

New Update
pinarai vijayan p rajeev kn balagopal kkashailaja
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നേതൃമാറ്റം വേണമെന്ന് ഘടകകക്ഷികളിൽ നിന്ന്  ആവശ്യമുയരുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ തന്നെ നായകനാക്കാൻ സിപിഎം തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കട്ടെയെന്ന് പാർട്ടി കേന്ദ്രനേതൃത്വം നിർദ്ദേശിച്ചു. 

Advertisment

സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി നിർദ്ദേശം കൈമാറിയത്. പിണറായിക്ക് പകരക്കാരിയായി പരിഗണിക്കപ്പെട്ടിരുന്ന കെ.കെ.ശൈലജയുടേത് പോലുളള പേരുകളൊന്നും തങ്ങൾക്ക് മുന്നിലില്ല എന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നുണ്ട്.


ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് ആരോഗ്യ മന്ത്രി ആയിരുന്ന കാലത്തെ മികച്ച പ്രതിഛായ ശൈലജക്ക് ഇപ്പോഴില്ലെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.

kk shailaja

കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങൽ സംബന്ധിച്ച അഴിമതി ആരോപണം ശൈലജയുടെ പ്രതിഛായക്ക് കോട്ടമായിരുന്നു. അഴിമതി ആരോപണത്തെ പ്രതിരോധിച്ച് രംഗത്ത് വന്നിരുന്നുവെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.


ശൈലജയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ നേതാക്കളൊന്നും സിപിഎമ്മിന് ഇപ്പോഴില്ല. മികച്ച രണ്ടാംനിര നേതാക്കളുടെ അഭാവം നേരിടുന്ന സിപിഎമ്മിന് കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുകയാണ് പിന്നീടുള്ള പോംവഴി.


kn balagopal

പ്രതിസന്ധികൾക്കിടയിലും ധനവകുപ്പിനെ ആക്ഷേപരഹിതമായി നയിച്ച കെ.എൻ ബാലഗോപാലിന് താരതമ്യേന മെച്ചപ്പെട്ട പ്രതിഛായയാണുളളത്. സിപിഎമ്മിലെ ചിരിക്കുന്ന മുഖങ്ങളിൽ ഒന്നാണ് കെ.എൻ.ബാലഗോപാൽ.


വ്യവസായ വകുപ്പ് മന്ത്രിയെന്ന നിലയിൽ ശരാശരി പ്രകടനം കാഴ്ചവെച്ച പി. രാജീവും സിപിഎമ്മിൻെറ പുതിയ മുഖങ്ങളിൽ  പ്രധാനിയാണ്. എറണാകുളം ജില്ലയിൽ നിന്നുളള നേതാവായ പി.രാജീവിനും കൊല്ലത്ത് നിന്നുളള കെ.എൻ.ബാലഗോപാലിനും പാർട്ടി ഘടനയിൽ കാര്യമായ സ്വധീനമില്ല എന്നതാണ് ന്യൂനത.


p rajeev

അതുകൊണ്ടുതന്നെ പിണറായിക്ക് ബദലായി അവരുടെ പേരുകൾ സംഘടനക്കുളളിൽ നിന്നുയർന്ന് വരാനുളള സാധ്യത കുറവാണ്. ഏതെങ്കിലും കോണിൽ നിന്ന് ഉയർന്നാൽ തന്നെ അതിന് പിന്തുണ കിട്ടാനും സാധ്യതയില്ല. 

ഇതെല്ലാം ഗൌരവമായി പരിഗണിച്ചാണ് പിണറായി വിജയൻെറ നേതൃത്വത്തിൽ തന്നെ തിരഞ്ഞെടുപ്പിനെ നേരിടട്ടെ എന്ന നിലപാടിലേക്ക് പാർട്ടി കേന്ദ്ര നേതൃത്വം എത്തിയതെന്നാണ് വിവരം.

രണ്ട് വട്ടം തുടർച്ചയായി മുന്നണിയേയും സർക്കാരിനെയും നയിച്ച പിണറായി വിജയനെ മാറ്റിനിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് ചർച്ചയാകാനും സാധ്യതയുണ്ട്.

pinarai vijayan bahrain


പിണറായി മാറിനിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയം സമ്മതിച്ച് കഴിഞ്ഞുവെന്ന വ്യാഖ്യാനമായിരിക്കും നേരിടേണ്ടി വരിക. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രണ്ട് ടേം നിബന്ധന വെക്കാൻ മുൻകൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ സ്വന്തം കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നതും ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്.


തുടർച്ചയായി രണ്ട് ടേം എം.എൽ.എ ആയവരോട് മാറിനിൽക്കാൻ നിർദ്ദേശിച്ചത് പിണറായി വിജയനായിരുന്നു. ഇതേ തുടർന്നാണ് ഒന്നാം പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിമാരായിരുന്നു ഡോ.ടി.എം.തോമസ് ഐസക്കിനും ജി.സുധാകരനും മത്സരിക്കാൻ കഴിയാതെ പോയത്.

g sudhakaran thomas isaac

2016 ലും 2021 ലും എം.എൽ.എയായിരുന്ന പിണറായി വിജയന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നുണ്ടെങ്കിൽ ഇപ്പോഴത്തെ മാനദണ്ഡത്തിൽ ഇളവ് നൽകേണ്ടിവരും. മറ്റ് നേതാക്കൾക്ക് മേൽ നിബന്ധന അടിച്ചേൽപ്പിച്ച പിണറായി വിജയൻ സ്വന്തം കാര്യത്തിൽ ഇളവിന് ശ്രമിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണോ മുന്നണിയെ നയിക്കണോ എന്നതിലൊക്കെ വ്യക്തിപരമായ തീരുമാനമില്ല.പാർട്ടി തീരുമാനത്തിന് വിധേയമായി പ്രവർത്തിക്കുമെന്നാണ് പിണറായിയുടെ നിലപാട്.


ഇപ്പോഴത്തെ സാഹചര്യത്തിൽ പിണറായി വിജയന് രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി മത്സരിപ്പിക്കാൻ തന്നെയാണ് സാധ്യത. ലോകസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി തോമസ് ഐസക്കിനെയും കെ.കെ.ശൈലജയേയും മത്സരിപ്പിച്ചതും പിണറായിക്ക് അനുകൂലമാണ്.


പിണറായിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാമെന്നും ബാക്കിയുളള കാര്യങ്ങളിൽ ഫലം വന്നശേഷം തീരുമാനം കൈക്കൊളളാമെന്നുമാണ് കേന്ദ്രനേതൃത്വത്തിൻെറ ഇപ്പോഴത്തെ നിലപാട്.

തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിന് പിണറായി വിജയന് തടസങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും ഫലം എതിരായാൽ നേതൃസ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചനയാണ് കേന്ദ്രനേതൃത്വത്തിൻെറ ഈ നിലപാടിലൂടെ വ്യക്തമാകുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എതിരായാൽ പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം പോലുളള പദവികൾ ലഭിക്കില്ല. പാർട്ടിക്ക് അധികാരം ഉണ്ടായിരുന്ന അവസാനത്തെ സംസ്ഥാനത്ത് കൂടി ഭരണ നഷ്ടം നേരിട്ടാൽ പുതിയ മുഖവുമായി നീങ്ങാനായിരിക്കും കേന്ദ്രനേതൃത്വത്തിൻെറ താൽപര്യം.


അപ്പോൾ കെ.എൻ.ബാലഗോപാലോ പി.രാജീവോ പോലുളള നേതാക്കൾ വിജയിച്ച് വന്നാൽ അവരെ പരിഗണിക്കാനാണ് സാധ്യത.

Advertisment