Advertisment

സിബിഎല്‍ സീസണ്‍ 4; പാണ്ടനാട് അട്ടിമറിയുമായിവില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം.ചുണ്ടന്‍ വള്ളങ്ങളിലെ അതികായന്മാരുടെ ആവേശകരമായ പോരാട്ടം

വീയപുരം(3:32:79 മിനിറ്റ്), കാരിച്ചാല്‍ (3:33:21 മിനിറ്റ്), തലവടി(3:33:53 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.

New Update
viyapuram 1

പാണ്ടനാട്: കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ചെങ്ങന്നൂര്‍ പാണ്ടനാട് നടന്ന മൂന്നാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനെ അട്ടിമറിച്ച് വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. ഇതോടെ നെഹ്‌റു ട്രോഫി ഫൈനലില്‍ പുന്നമട നെട്ടായത്തില്‍ നടന്ന പരാജയത്തിന് വില്ലേജ് ബോട്ട് ക്ലബ് പാണ്ടനാട് നെട്ടായത്തില്‍ തന്നെ പകരം വീട്ടി. യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടന്‍ മൂന്നാമത് ഫിനിഷ് ചെയ്തു.

Advertisment

വീയപുരം(3:32:79 മിനിറ്റ്), കാരിച്ചാല്‍ (3:33:21 മിനിറ്റ്), തലവടി(3:33:53 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.

ഹീറ്റ്‌സ് മത്സരങ്ങളിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ കാരിച്ചാലിനും വീയപുരത്തിനും പുറമെ യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടനാണ് ഫൈനലില്‍ ഉണ്ടായിരുന്നത്. തുടക്കം മുതല്‍ ആരാണ് മുന്നിലെന്ന് കാഴ്ചക്കാര്‍ക്കോ, ഡ്രോണ്‍ ദൃശ്യങ്ങളിലോ തിരിച്ചറിയാനാകാത്ത വിധം തീപാറുന്നതായിരുന്നു മത്സരം. അവസാന പാദത്തില്‍ മൂന്നു വള്ളങ്ങളും ഒപ്പത്തിനൊപ്പം ഫിനിഷിലേക്കെത്തി.

കേവലം പത്തുമീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ കാരിച്ചാലിന്റെയും തലവടിയുടെയും തുഴക്കാരുടെ വേഗത്തിനപ്പുറം തുഴയെറിഞ്ഞ് വിബിസി തുഴഞ്ഞ വീയപുരം ഫിനിഷ് കടത്തിവെട്ടി.

പിന്നീട് അഞ്ച് മിനിറ്റോളം ഫലം പ്രഖ്യാപിക്കുന്നതു വരെ മൂന്നു വള്ളങ്ങളുടെയും തുഴക്കാരുടെയും ആരാധകരുടെയും മനസില്‍ ആകാംക്ഷയുടെ മുള്‍മുനയായിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ വര്‍ധിത ആഘോഷവുമായി വീയപുരം തുഴക്കാര്‍ സഞ്ജു സാംസണ്‍ സ്‌റ്റൈലില്‍ ക്യാമറകള്‍ക്ക് മുന്നില്‍ മസില്‍ പിടിച്ചു.

ഇതോടെ 20 പോയിന്റുകളുമായി വിബിസി വീയപുരവും പിബിസി കാരിച്ചാലും സിബിഎല്ലില്‍ ഒപ്പത്തിനൊപ്പമാണ്. 17 പോയിന്റുകളുമായി യുബിസി കൈനകരി തുഴയുന്ന തലവടി ചുണ്ടന്‍ തൊട്ടുപിന്നിലുണ്ട്.

നിരണം(നിരണം ബോട്ട് ക്ലബ്) നാല്, മേല്‍പ്പാടം(കുമരകം ബോട്ട് ക്ലബ്) അഞ്ച് നടുഭാഗം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്) ആറ്, ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്) ഏഴ്,  പായിപ്പാട്(ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് പാണ്ടിനാട് മത്സരത്തിലെ സ്ഥാനങ്ങള്‍.

സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പാണ്ടനാട്ടെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ്ജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കരുവാറ്റ (ഡിസംബര്‍ 7), കായംകുളം (ഡിസംബര്‍ 14) ഗ്രാന്‍ഡ് ഫിനാലെ (ഡിസംബര്‍ 21) കൊല്ലം പ്രസിഡന്റ് ട്രോഫി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും  ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.

 

Advertisment