കൊച്ചി മുസിരിസ് ബിനാലെ 2025: ഹിംസ, നിശബ്ദത, നിസ്സഹായത – പുതിയ മാനങ്ങൾ നിരത്തി 'പീപ്പിയോ

New Update
';o.,
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ കൊളാറ്ററൽ പ്രദർശനമായ 'പീപ്പിയോ: എ ബേർഡ് ഫ്ലൈസ്, എ സ്റ്റോൺ ഈസ് ത്രോൺ' (Pipio: A Bird Flies, A Stone Is Thrown) എന്ന പ്രദർശനം കലാപ്രതിഷ്ഠ മനുഷ്യകുലത്തിൻ്റെ നൈതികതയെ അടിമുടി ചോദ്യം ചെയ്യുന്നതാണ്. മട്ടാഞ്ചേരി ബസാർ റോഡിലെ 'ഫോർപ്ലേ സൊസൈറ്റിയിൽ' ആരംഭിച്ച ഈ പ്രദർശനം ഇൻസ്റ്റലേഷൻ കലാകാരികളായ അദിതി കുൽക്കർണിയും പായൽ ആര്യയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ഒരു മുറിയിലേക്ക് കടക്കുമ്പോൾ തന്നെ ഭിത്തിയിലെ വീഡിയോ ഇൻസ്റ്റലേഷനിൽ നിന്നുള്ള കല്ലേറ് ദൃശ്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ അക്രമികളായും സാക്ഷികളായും ഇരകളായും മാറിമാറി പ്രത്യക്ഷപ്പെടുന്നു. അക്രമി, സാക്ഷി, ഇര ഇവരെയെല്ലാം ഒരുപോലെയാണ് കല്ല് പ്രതിനിധാനം ചെയ്യുന്നത്.

ഒരു സംഘം ആളുകൾ കല്ലെറിഞ്ഞു കഴിയുമ്പോൾ, ദൃശ്യങ്ങൾ മറ്റൊരു സംഘത്തിലേക്ക് മാറുന്നു.  കല്ലേറ് തുടരുമ്പോൾ, കാഴ്ചക്കാരും ഇതിന്റെ ഭാഗമാകുന്നതോടെ ഹിംസയെയും നിശബ്ദതയെയും കുറിച്ചുള്ള ആശങ്കകൾ രൂപപ്പെടുന്നു.

2019-20 കാലഘട്ടത്തിൽ ജർമ്മനിയിലെ ഫിലിം അക്കാദമി ബാഡൻ-വുർട്ടംബെർഗിലെ റെസിഡൻസിയുടെ ഭാഗമായി വികസിപ്പിച്ച 'പീപ്പിയോ' എന്ന സിനിമയുടെ ആവിഷ്കാരമാണിത്. സ്റ്റുട്ട്ഗാർട്ടിലെ 'റബിൾ ഹില്ലിൽ' (അവശിഷ്ടങ്ങളുടെ കുന്ന്) നിന്നാണ് ഇതിന്റെ ഉത്ഭവം.

 ചരിത്രാതീത കാലം മുതൽ ഇന്നുവരെയുള്ള യുദ്ധങ്ങളെയും അവയ്ക്ക് സാക്ഷികളാകേണ്ടി വരുന്ന നിശബ്ദരായ മനുഷ്യരെയും ഈ പ്രദർശനം ഓർമ്മിപ്പിക്കുന്നു.

അടുത്ത മുറിയിലെ കൂറ്റൻ കല്ലും ഒരു പെൻഡുലം പോലെ ആടിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളും ഹിംസയ്ക്ക് ശേഷമുള്ള ഭയാനകവും കുറ്റകരവുമായ നിശബ്ദതയെ കാണിക്കുന്നു.

കല്ല് എന്നത് ഒരേസമയം അക്രമിയെയും ഇരയെയും സാക്ഷിയെയും സൂചിപ്പിക്കുന്ന ഒരു പ്രതീകമാണെന്ന് പുണെ ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ അധ്യാപിക കൂടിയായ പായൽ ആര്യ പറഞ്ഞു.

 പ്രദർശനത്തിന്റെ ഭാഗമായ ഷ്രെഡിംഗ് മെഷീനിൽ നിക്ഷേപിക്കപ്പെട്ട സമ്മതപത്രങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഈ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ തങ്ങളുടെ കുറ്റബോധം കഴുകിക്കളയാൻ ശ്രമിക്കുന്ന മനുഷ്യരെ ഇത് ഓർമ്മിപ്പിക്കുന്നു.

മുറിയുടെ ഒരു വശത്ത് ചരിത്രപരമായ സംഭവങ്ങളും പ്രകൃതിക്ഷോഭങ്ങളും കാണിക്കുന്ന ടെലിവിഷൻ സെറ്റുകളും മറുവശത്ത് സാമൂഹിക അസമത്വങ്ങൾ വെളിപ്പെടുത്തുന്ന ഡൈനിംഗ് ഹാളുമാണ്. സമ്പന്നരുടെ മേശയിലെ അവശിഷ്ടങ്ങൾക്കായി പൊരുതുന്ന ദരിദ്രരുടെ ദൃശ്യങ്ങൾ കാഴ്ചക്കാരന്റെ മനസ്സിൽ  നൊമ്പരമായി അവശേഷിക്കും.

ആറ് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ കലാപ്രതിഷ്ഠ സമത്വം, ആഗോള രാഷ്ട്രീയം, ഉടൽ രാഷ്ട്രീയം, ദൗർബല്യം തുടങ്ങിയവയെ ആഴത്തിൽ പരിശോധിക്കുന്നു.

ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ  നിശബ്ദ സാക്ഷികളായി മാറുന്നതിനെ ചോദ്യം ചെയ്യാനാണ് ഈ ശ്രമമെന്ന് മൾട്ടിമീഡിയ കലാകാരിയായ അദിതി കുൽക്കർണി വ്യക്തമാക്കി.
Advertisment
Advertisment