തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍ വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍

New Update
Photo
തിരുവനന്തപുരം: ജര്‍മ്മനിയിലേക്കുള്ള വിസ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ തിരുവനന്തപുരത്ത് വിസ ക്യാമ്പുകള്‍ നടത്തുന്നത് പരിഗണിക്കുമെന്ന് ബാംഗ്ലൂരിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സലും വിസാ വിഭാഗം മേധാവിയുമായ ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. ജിടെക്കിന്‍റേയും ടെക്നോപാര്‍ക്കിലെ മറ്റ് കമ്പനികളുടേയും പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച അദ്ദേഹത്തെ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)സ്വീകരിച്ചു.
Advertisment


ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സലും ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം, ജിടെക് സെക്രട്ടറിയും തിരുവനന്തപുരം ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവരും സന്നിഹിതരായി.

യുഎസ്ടി ഗ്ലോബല്‍, ക്വസ്റ്റ് ഗ്ലോബല്‍, അലയന്‍സ് സര്‍വീസസ്, ആക്സിയ, ഡിസ്പേസ്, ടാറ്റ എല്‍ക്സി, സണ്‍ടെക് എന്നിവയുള്‍പ്പെടെ 15 കമ്പനികളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ ജര്‍മ്മന്‍ വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ് (വിഎഫ്എസ് ) സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു.

തലസ്ഥാനജില്ലയില്‍ ഒരു വിസ സെന്‍റര്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന ജര്‍മ്മന്‍ കോണ്‍സുലേറ്റിന് അറിയാമെന്ന് ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു വിസ സെന്‍റര്‍ പുനഃസ്ഥാപിക്കാനെടുക്കുന്ന സമയപരിധിയെക്കുറിച്ച്  ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഒന്ന്-രണ്ടു മാസങ്ങളുടെ ഇടവേളകളില്‍ വിസ ക്യാമ്പ് നടത്താനാകും. വിസയ്ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കാന്‍ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കും.

കേരളത്തിനും ജര്‍മ്മനിക്കുമിടയില്‍ വിവിധ ബിസിനസ്- സാംസ്കാരിക മേഖലകളില്‍ സമാന താല്പര്യവും ശക്തമായ ബന്ധമുണ്ട്. ജര്‍മ്മന്‍ വിസ അപേക്ഷകള്‍ക്കായി സംഘടനകളില്‍ നിന്നുള്ള ഡിജിറ്റല്‍ ലെറ്ററുകളും ഡിജിറ്റല്‍ ഒപ്പുകളും അംഗീകരിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നിന്ന് പ്രതിമാസം കുറഞ്ഞത് 250-300 ജര്‍മ്മന്‍ വിസ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ക്കായി കൊച്ചി വരെ യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരത്ത് ഒരു ജര്‍മ്മന്‍ വിഎഫ്എസ് സെന്‍റര്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന നഗരിയില്‍ ഇടയ്ക്കിടെ വിസ ക്യാമ്പുകള്‍ നടത്താനുള്ള ആശയത്തെ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) സ്വാഗതം ചെയ്തു. ടെക്നോപാര്‍ക്കിന് ഇക്കാര്യത്തില്‍ ആതിഥേയത്വം വഹിക്കാനാകും. ഇവി, ഇലക്ട്രോണിക്സ് & സെമികണ്ടക്ടറുകള്‍, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, എവിജിസി, സൈബര്‍ സുരക്ഷ, എഐ, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിവിധ സാങ്കേതിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളും മികച്ച വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുമുള്ള നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. ടെക്നോപാര്‍ക്കിലെ പല കമ്പനികള്‍ക്കും ജര്‍മ്മനിയില്‍ ബിസിനസ്സ് ബന്ധങ്ങളുണ്ട്. തിരുവനന്തപുരത്ത് ഒരു വിഎഫ്എസ് കേന്ദ്രത്തിനായുള്ള ടെക്കികളുടെ അഭ്യര്‍ത്ഥന കോണ്‍സുലേറ്റ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment