/sathyam/media/media_files/2025/04/14/SFu35AFquIAbotm3dQLO.jpg)
പെരുമ്പാവൂർ: സദ്യവട്ടങ്ങൾക്കൊപ്പം പായസമില്ലാതെ മലയാളികൾക്കെന്തു ഓണവും വിഷുവും ! സസ്യാഹാരപാചകപ്പെരുമയ്ക്ക് പേരുകേട്ട കൂവപ്പടിയുടെ ചുറ്റുവട്ടങ്ങളിൽ വിഷുത്തലേന്നും പുലർച്ചെയുമായി പായസമേളകൾ നിരവധി.
വിവിധതരം പായസങ്ങൾക്കൊപ്പം തൊട്ടുകൂട്ടും കറികളും ഉപ്പേരികളും വില്പനയ്ക്കെത്തിയിട്ടുണ്ട്. കാറ്ററിംഗ് സർവ്വീസുകാർക്കും ഇന്ന് തിരക്കിന്റെ ദിനമാണ്.
പത്തുപതിനഞ്ചു വർഷത്തോളമായി ഓണത്തിനും വിഷുവിനും മുടങ്ങാതെ പായസമേള സംഘടിപ്പിക്കുന്നവരാണ് കൂവപ്പടിയിലെ പ്രഗതി റെസിഡന്റ്‌സ് അസ്സോസിയേഷൻ.
മദ്രാസ് കവലയിൽ സ്റ്റാളിൽ വില്പന രാവിലെ ഏഴരയോടെ തുടങ്ങി. കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ് കരയോഗത്തിന്റെ പായസമേളയിലും വില്പന രാവിലെ തുടങ്ങി.
കൂവപ്പടി മാരിയമ്മൻ കോവിലിലും ഗണപതിവിലാസം ഹൈസ്‌കൂൾ ജംഗ്‌ഷനിലും പായസം ലഭ്യമാണ്. പരിപ്പ്, പാലട, ഗോതമ്പ് പായസങ്ങൾക്കാണ് ആവശ്യക്കാരേറെ.
മുൻകൂട്ടി ബുക്കിംഗ് എടുത്താണ് വില്പന. വഴിയോരങ്ങളിലെ സ്റ്റാളുകളിൽനിന്നും വാഹനയാത്രികരും പായസം വാങ്ങിപ്പോകുന്നുണ്ട്. മത്സരമുള്ളതിനാൽ വിലയിലും ഏറ്റക്കുറച്ചിലുണ്ട് ഓരോയിടത്തും.