New Update
/sathyam/media/media_files/2025/06/18/uzmJ63wBrUSy0UOi5p90.jpg)
തിരുവനന്തപുരം: കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഉന്നതതല വ്യവസായ സെമിനാര്‍ സംഘടിപ്പിക്കുന്നു. കഴക്കൂട്ടം അല്‍ സാജ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന 'വിഷന്‍ - കേരളം 2031' സെമിനാര്‍ വ്യവസായ, നിയമ, കയര്‍ മന്ത്രി പി. രാജീവ് വ്യാഴാഴ്ച (ഒക്ടോബര്‍ 23) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.
Advertisment
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ബിപിസിഎല്‍സി എംഡി സഞ്ജയ് ഖന്ന സന്നിഹിതനാകും.
കഴിഞ്ഞ പത്ത് വര്‍ഷത്തെ വ്യവസായ വകുപ്പിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നടത്തും. വ്യാവസായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, എംഎസ്എംഇ കള്‍, വ്യാവസായിക മേഖലയിലെ വൈവിധ്യവത്ക്കരണം എന്നിവയില്‍ കേരളത്തിന്‍റെ പുരോഗതി ചിത്രീകരിക്കുന്ന അവതരണം സെമിനാറിനെ ശ്രദ്ധേയമാക്കും. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് .പി സ്വാഗത പ്രസംഗകനാകും.
സെമിനാറില്‍ നിന്നുള്ള പ്രധാന ഉള്‍ക്കാഴ്ചകളും നിര്‍ദ്ദേശങ്ങളും സമന്വയിപ്പിക്കുന്ന സമാപന സമ്മേളനത്തില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ, നിയമ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രി പി. രാജീവ് എന്നിവര്‍ പങ്കെടുക്കും.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍റ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കിന്‍ഫ്ര എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നത്. 2031 ഓടെ കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വിഷന്‍ 2031' സെമിനാറുകളുടെ ഭാഗമായാണ് 'വിഷന്‍ - കേരളം 2031' സെമിനാര്‍.
കേരളത്തിന്‍റെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ പുരോഗതിയും ഭാവിസാധ്യതകളും മുന്നില്‍ക്കണ്ട് വ്യാവസായിക ദര്‍ശനം രൂപപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് സെമിനാര്‍. പാരിസ്ഥിതിക ഉത്തരവാദിത്തവും സാമൂഹിക തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം വ്യാവസായിക വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് നയരൂപകര്‍ത്താക്കള്‍, വ്യവസായ പങ്കാളികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ ഏകീകരിക്കാന്‍ സെമിനാറിലൂടെ സാധിക്കും.
'ഉത്തരവാദിത്തപരമായ വളര്‍ച്ചയ്ക്കും നവീകരണത്തിനുമുള്ള റോഡ് മാപ്പ്' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കെയ്ന്‍സ് ടെക്നോളജീസ് സിഇഒ രമേശ് കണ്ണന്‍, വെസ്റ്റേണ്‍ ഇന്ത്യ എം ഡി മായന്‍ മുഹമ്മദ്, അദാനി വിഴിഞ്ഞം പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍, ഡെന്‍റ് കെയര്‍ ഡെന്‍റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ജോണ്‍ കുര്യാക്കോസ്, നെസ്റ്റ് ഡിജിറ്റല്‍ സിഇഒ നസ്നീന്‍ ജഹാംഗീര്‍ എന്നിവര്‍ സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മോഡറേറ്ററാകും.
'പൊതുമേഖലാ സ്ഥാപനങ്ങള്‍ 2.0 - കേരളത്തിന്‍റെ വ്യാവസായിക കുതിപ്പിന് ശക്തി പകരുന്നു' എന്ന വിഷയത്തില്‍ വിഎസ്എസ് സി ഡയറക്ടര്‍ എ. രാജരാജന്‍, ബിപിടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത് കുമാര്‍ കെ, കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ (റിട്ട) ശ്രീകുമാര്‍ നായര്‍ എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. വ്യവസായ വകുപ്പ് ഒഎസ് ഡി ആനി ജൂല തോമസ് മോഡറേറ്ററാകും.
'ലെഗസി ഇന്‍ഡസ്ട്രീസ്, ന്യൂ വാല്യൂ ചെയിനുകള്‍ 2031' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ വെസ്റ്റേണ്‍ ഇന്ത്യ കാഷ്യു പ്രസിഡന്‍റ് ഹരികൃഷ്ണന്‍ നായര്‍, ട്രാവന്‍കൂര്‍ കൊക്കോടഫ്റ്റ് എംഡി മഹാദേവന്‍ പി, കേരള കശുവണ്ടി ബോര്‍ഡ് സിഎംഡി എ. അലക്സാണ്ടര്‍ ഐഎഎസ് (റിട്ട), കേരള കാര്‍ഷിക സര്‍വകലാശാലയിലെ (കെഎയു) പ്രൊഫസറും ഐപിആര്‍ ലീഡറുമായ ഡോ. സി.ആര്‍. എല്‍സി, ഉറവ് തദ്ദേശീയ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം സിഇഒ ടോണി പോള്‍ എന്നിവര്‍ സംസാരിക്കും. കൈത്തറി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. എസ്. കൃപ കുമാര്‍ മോഡറേറ്ററാകും.
'കേരളത്തിന്‍റെ വ്യാവസായിക ഭാവിക്കായി എംഎസ്എംഇകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ വി. കെ. സി. റസാക്ക്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ പ്രസിഡന്‍റ് എ. നിസാറുദ്ദീന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ റോയ് പീറ്റര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് അപ്സര രാജു, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഇ.എസ്. ബിജു തുടങ്ങിയവര്‍ സംസാരിക്കും. കെഎസ്ഐഡിസി ഇഡി ഹരികൃഷ്ണന്‍ .ആര്‍ മോഡറേറ്ററാകും.
കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായ കേന്ദ്രമായി സ്ഥാപിക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയില്‍ ചര്‍ച്ചകള്‍ നടക്കും. മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കുക, അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ പ്രയോജനപ്രദമാക്കുക എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമുണ്ടാകും. പൊതുമേഖലാ സംരംഭങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനൊപ്പം പരമ്പരാഗത മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയാകും. ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള എംഎസ്എംഇകളുടെ മാറ്റം, ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന സെഷനുകളുമുണ്ടാകും.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് .പി നന്ദി പ്രകാശിപ്പിക്കും.