New Update
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
തിരുവനന്തപുരം: ലോകസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി കേരളത്തെ പൂര്‍ണ്ണമായും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് 'വിഷന്‍ 2031 - ലോകം കൊതിക്കും കേരളം' എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ശില്പശാല.
Advertisment
ഇടുക്കി, കുട്ടിക്കാനം മരിയന്‍ കോളജില്‍ 2025 ഒക്ടോബര്‍ 25-നാണ് ശില്പശാല നടക്കുന്നത്. ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ടൂറിസത്തിന്‍റെ ഭാവിയെ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങള്‍, പുതിയ സാധ്യതകള്‍, നൂതനമായ സമീപനങ്ങള്‍ എന്നിവ ശില്പശാലയില്‍ ചര്‍ച്ച ചെയ്യും.
കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരികവും പ്രകൃതിദത്തമായ പൈതൃകവും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത, ടൂറിസം മേഖലയുടെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം, സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സെഷനുകള്‍ ശില്പശാലയുടെ ഭാഗമായുണ്ടാകും.
കേരളത്തെ ഉന്നത നിലവാരമുള്ള, സജീവമായ ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയിലെ പ്രധാന ഘടകമായി ടൂറിസത്തെ വളര്‍ത്താനും ലക്ഷ്യമിടുന്ന നിര്‍ദ്ദേശങ്ങളാകും സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.
സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.