/sathyam/media/media_files/2025/10/03/vision-2025-10-03-20-44-07.jpg)
തൃശൂർ : കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന 'വിഷൻ 2031' സംസ്ഥാനതല സെമിനാറുകൾക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3ന് നടന്ന ആദ്യ സെമിനാർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ ഉദ്ഘാടനം ചെയ്തു.
സർക്കാർ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതിനായി, വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വികസന രേഖ തയ്യാറാക്കുകയാണ് വിഷൻ 2031 സെമിനാറുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ 33 സെമിനാറുകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്നത്.
സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് സമഗ്രമായ വികസന മാതൃകകൾ സൃഷ്ടിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് വകുപ്പ് മുൻഗണന നൽകുന്നതായും മന്ത്രി പറഞ്ഞു. അവകാശാധിഷ്ഠിത സമീപനത്തിലൂടെ സാമൂഹ്യനീതി ബോധത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകും. പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള ഭരണപരമായ ഇടപെടലുകളും പങ്കാളിത്ത മാതൃകകളും വികസിപ്പിക്കും.
ഭിന്നശേഷി, വയോജനം, ട്രാൻസ്‌ജെൻഡർ, പ്രൊബേഷൻ സേവനം, ക്ഷേമ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിൽ നവകാഴ്ചപ്പാടുകൾ രൂപപ്പെടുത്തും. ക്ഷേമപ്രവർത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനെ നോഡൽ വകുപ്പായി ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2031-ഓടെ തുല്യനീതിയിൽ അധിഷ്ഠിതമായ സാമൂഹ്യസുരക്ഷാ ഇടപെടലുകൾക്ക് വിഷൻ 2031 നയരേഖ അടിസ്ഥാന മാർഗ്ഗനിർദ്ദേശമാകും.
സാമൂഹ്യനീതി വകുപ്പിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു. തുടർന്ന് മന്ത്രി 'വിഷൻ 2031' കരട് നയരേഖ സമർപ്പിച്ചു. വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ മന്ത്രിയും അമരവിള രാമകൃഷ്ണൻ, ശീതൾ ശ്യാം, കണ്മണി എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി നടപ്പാക്കുന്ന 'അൻപ്' ക്യാമ്പയിനിന്റെ ലോഗോ പ്രകാശനവും നടന്നു. ക്യാമ്പയിൻ തീം സോങ്ങിന്റെ വരികൾ പ്രശസ്ത കവി റഫീഖ് അഹമ്മദാണ് എഴുതിയത്. ഗാനത്തിന്റെ ആശയം നൽകിയത് ഗോപാൽ മേനോൻ ആണ്.
സെമിനാറിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം, വയോജനക്ഷേമം, ലിംഗനീതി, വിദ്യാഭ്യാസ-ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം, പ്രൊബേഷൻ സംവിധാനം എന്നീ അഞ്ച് വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. ഇതിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടാകും 'വിഷൻ 2031' അന്തിമ നയരേഖയ്ക്ക് രൂപം നൽകുക.
കെ കെ രാമചന്ദ്രൻ എംഎൽഎ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ്, വയോജന കമ്മീഷണർ അഡ്വ. കെ സോമപ്രസാദ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം. വി. ജയഡാളി, സാമൂഹ്യനീതി വകുപ്പ് മുൻ ഡയറക്ടർ ജിതേന്ദ്രൻ, പ്ലാനിങ് ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർപേഴ്‌സൺ അലി അബ്ദുള്ള, എൻ.പി.ആർ.ഡി ജനറൽ സെക്രട്ടറി വി മുരളീധരൻ, ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിജയരാജമല്ലിക ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.