/sathyam/media/media_files/2025/09/26/untitled-2025-09-26-11-40-24.jpg)
കോട്ടയം: വിഴിക്കത്തോട് ജയകുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ കേരളാ കോണ്‍ഗ്രസ് എം കുടുംബം.
ഹൃദയത്തില്‍ മാണിസാറും പ്രവര്‍ത്തനത്തില്‍ കേരള കോണ്‍ഗ്രസുമായി ജീവിച്ചയാളായിരുന്നു ജയകുമാര്‍. ജയകുമാറിന്റെ പ്രാസം ഒപ്പിച്ചുള്ള മൈക്ക് അനൗണ്‍സ്മെന്റ് പാര്‍ട്ടിക്കാര്‍ക്ക് ഏറെ പ്രശസ്തമായിരുന്നു.
1988 ല്‍ കെ.എം. മാണി നയിച്ച കേരള യാത്രയില്‍ ഒന്‍പതാം ക്ലാസുകാരനായ ജയകുമാര്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം യാത്രയോടൊപ്പം സഞ്ചരിച്ചിരുന്നു. ജോസ് കെ. മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ആയിരുന്നപ്പോള്‍ നടത്തിയ കേരള യാത്രയുടെ അനൗണ്‍സ്മെന്റയി ജയകുമാര്‍ അദ്ദേഹത്തോടൊപ്പം കേരളം മുഴുവന്‍ സഞ്ചരിച്ചു.
റോഷി അഗസ്റ്റിന്‍ കെ.എസ്.സി.(എം) പ്രസിഡന്റ് ആയിരുന്നപ്പോള്‍ നടത്തിയ വിമോചന യാത്രയുടെയും ശബ്ദം ജയകുമാറിന്റെതായിരുന്നു.
തന്റെ പതിമൂന്നാം വയസില്‍ കെ.എസ്.സിയിലൂടെയാണ് ജയകുമാര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് യൂത്ത് ഫ്രണ്ടിന്റെയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും ഭാഗമായി.
മൈക്ക് കയ്യില്‍ എടുത്തു കഴിയുമ്പോള്‍ ജയകുമാറിന് അല്പം വീര്യം പതിവായിരുന്നു. ജയകുമാറിന്റെ വാക്കുകള്‍ പകര്‍ന്ന വീര്യം മധ്യകേരളത്തിലെ പല സ്ഥലത്തും കേരള കോണ്‍ഗ്രസിന്റെ വീര്യമായി മാറിയിട്ടുണ്ട്. അത്തരത്തില്‍ പുതുതലമുറയ്ക്ക് ജയകുമാര്‍ അത്ഭുതമായിരുന്നു.
ജയകുമാറിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും കേരളാ കോണ്‍ഗ്രസ് (എം) തയാറെടുത്തിരുന്നു. കെ.എം. മാണിയുടെ പേരിലുള്ള കാരുണ്യ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു.
ഭവനത്തിന് കല്ലിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണ്. നവംബര്‍ 2 ആയിരുന്നു പാലുകാച്ചല്‍ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന് മുന്‍പു തന്നെ കുടുംബ നാഥനായ ജയകുമാര്‍ യാത്രയായി.
ഇന്നലെ വൈകിട്ട് 7 മണിക്ക് കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന്റെ യോഗം നടക്കുമ്പോള്‍ നെഞ്ചിനും കൈയിലും വേദനയുണ്ട്, ആശുപത്രിയിലേക്ക് പോവാന്‍ ഇറങ്ങുന്നു എന്നു പറഞ്ഞു ഇറങ്ങിയതാണ്. പക്ഷേ ആശുപത്രിയില്‍ പോകാതെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയാണ് സംസ്‌കാരം.
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ജയകുമാറിന്റെ വിയോഗം ഇനിയും സഹപ്രവര്‍ത്തര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.