തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ആദ്യചരക്ക് കപ്പലെത്തി. രാവിലെ 7.15 ഓടെയാണ് തീരത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയത്.
ഒൻപത് മണിക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ തുറമുഖത്ത് എത്തിക്കുക. തുടർന്ന് തുറമുഖ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ കപ്പലിനെ സ്വീകരിക്കും.
ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ 'സാൻ ഫെർണാണ്ടോ' വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
ഇതിൽ 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. സാൻ ഫെർണാണ്ടോയിൽ വിഴിഞ്ഞത്ത് എത്തിച്ച കണ്ടെയ്നറുകൾ വരും ദിവസങ്ങളിൽ തുറമുഖത്ത് എത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും.
തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം നാളെയാണ് നടക്കുക. നാളെ രാവിലെ 10 ന് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകും.
കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ ചരക്കു കപ്പലുകൾ തുടർച്ചയായി വിഴിഞ്ഞം തീരത്ത് എത്തും.