/sathyam/media/media_files/2025/09/23/vizinjam-2025-09-23-18-22-44.jpg)
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകൾ സ്വന്തമാക്കി. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ 500 കപ്പലുകൾക്ക് തുറമുഖം സേവനം നൽകി. ഇത് ആഗോള കണ്ടെയ്നർ ഷിപ്പിങ് രംഗത്ത് വിഴിഞ്ഞത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായി മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.
ഇതിനുപുറമെ, ഇന്ത്യയിൽ ഇതുവരെ എത്തിയതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി വെറോണ, 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. വിദേശത്ത് ‘വിഴിഞ്ഞം-തിരുവനന്തപുരം-കേരള-ഇന്ത്യ’ എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കും അഭിമാനമുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ, രാജ്യത്തിന്റെ തെക്കൻ മേഖലയിലെ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് കബ്ര (INS Kabra) എന്ന കപ്പൽ വിഴിഞ്ഞം മാരിടൈം ബോർഡിന്റെ പുതിയ വാർഫിൽ എത്തി. നേരത്തെയും ഈ കപ്പൽ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചിട്ടുണ്ട്.